കാബൂള്‍: താലിബാന് ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് നിരോധനം അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളെയും ബാങ്കിങ് മേഖലയെയും മോശമായി ബാധിച്ചു. വിമാനസർവീസുകൾ നിലച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ച ഓണ്‍ലൈന്‍ പഠനവും നിലച്ചു. തിങ്കളാഴ്ചയാണ് താലിബാന് ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.
ഇന്റര്‍നെറ്റ് നിരോധനത്തിന് പിന്നിലെ കാരണമെന്താണെന്ന് താലിബാന് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും സദാചാരനിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അധാര്‍മികമാണെന്നാണ് താലിബാന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് രാജ്യത്തെ വിമാനസര്‍വീസുകളെയും ബാധിച്ചതായാണ് വിവരം. അഫ്ഗാനിലെ പ്രധാനവിമാനത്താവളമായ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് ബിബിസി റിപ്പോര്‍ട്ട്ചെയ്തു. ചൊവ്വാഴ്ച കാബൂളില്‍നിന്ന് പുറപ്പെടുന്നതും കാബൂളിലേക്ക് വരുന്നതുമായ ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച വരെ കാബൂളിലേക്ക് സര്വീസുകളില്ലെന്നാണ് പല വിമാനക്കമ്പനികളും യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റര്‍നെറ്റ് നിരോധനം തുടരുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ എന്ന് പുനഃരാരംഭിക്കുമെന്നതിലും വ്യക്തതയില്ല.
ആശയവിനിമയമാര്‍ഗം തടസ്സപ്പെട്ടതിന് പുറമേ രാജ്യത്തെ ബാങ്കിങ്, ഓണ്‍ലൈന്‍ പഠനത്തെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളടക്കം നിശ്ചലമായി. ഇന്റര്‍നെറ്റ് നിരോധനത്തോടെ അഫ്ഗാന് ജനതയുടെ പുറംലോകവുമായുള്ള എല്ലാബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ വിവിധപ്രവിശ്യകളിലായി താലിബാന് ഭരണകൂടം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചുവരികയാണ്. എന്നാല്‍, തിങ്കളാഴ്ച വൈകീട്ടുവരെ തലസ്ഥാനമായ കാബൂളില്‍ ഇത്തരം നടപടികളുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് പ്രവൃത്തിദിവസം അവസാനിച്ചതിന് പിന്നാലെയാണ് കാബൂളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ യുഎന്‍ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















