അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് “100% താരിഫ്” ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായി. എന്നാൽ ഈ നീക്കം വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ ആഭ്യന്തര സിനിമാ വിപണിക്ക് ഇത് അപ്രതീക്ഷിതമായി ഗുണം ചെയ്യുമെന്ന് ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് ബസു പറഞ്ഞു.
ട്രംപിന്റെ സിനിമാ തീരുവയെ ഇന്ത്യ അവസരമായി കാണണമെന്നാണ് അനുരാഗ് പറയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ട് വേണം ട്രംപിന്റെ നടപടിയോട് ഇന്ത്യ പ്രതികരിക്കാനെന്ന് അദ്ദേഹം പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ബസു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഇന്ത്യന്‍ സിനിമകള്‍ക്കുമേലുള്ള ട്രംപിന്റെ താരിഫ് ചിലപ്പോള്‍ ഒരു അനുഗ്രഹമായേക്കും. സമാനമായ താരിഫ് ഹോളവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ അത് കൂടുതല്‍ പ്രേക്ഷകരെ ഇന്ത്യന്‍ സിനിമകളിലേക്ക് എത്തിക്കും. വിദേശ സിനിമകള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്ന് കണ്ടാല്‍ പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കും. യുഎസ്സിലുണ്ടാകുന്ന വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ അതുവഴി കഴിയും.’ -അനുരാഗ് ബസു പറഞ്ഞു. നേരത്തേ ട്രംപിന്റെ സിനിമാ താരിഫിനെതിരെ സംവിധായകന്‍ കബീര്‍ ഖാനും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കബീര്‍ ഖാന്‍ ചോദിച്ചത്. ‘യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍’ എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിടിവിയോടാണ് കബീര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
















