ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം താൻ നേരിട്ട മോശം അനുഭവങ്ങളും മാധ്യമങ്ങളോടുള്ള ഭയവും തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ‘മസ്താനി’ എന്നറിയപ്പെടുന്ന മത്സരാർത്ഥി. വലിയ തുക വാങ്ങി എക്സ്ക്ലൂസീവ് അഭിമുഖങ്ങൾ നൽകാനുള്ള അവസരം ഉണ്ടായിരുന്നിട്ടും, മാധ്യമങ്ങളെ ഭയന്ന് അത് വേണ്ടെന്ന് വെച്ചതായും താരം വ്യക്തമാക്കി.
പ്രതിഫലം വാങ്ങി അഭിമുഖം നൽകാതിരുന്നത് എന്തുകൊണ്ട്?
“വലിയൊരു തുക പ്രതിഫലമായി വാങ്ങി ഏതെങ്കിലും ഒരു ചാനലിന് എക്സ്ക്ലൂസീവ് ഇന്റർവ്യൂ കൊടുക്കാൻ എനിക്ക് കഴിയുമായിരുന്നു. എന്നെ കുറ്റം പറഞ്ഞ പല ചാനൽസും ഇന്റർവ്യൂ ചോദിച്ച് എന്നെ വിളിക്കുകയും ചെയ്തിരുന്നു. പക്ഷെ എനിക്ക് അവർക്ക് ഇന്റർവ്യൂ കൊടുക്കാൻ പേടിയാണ്,” മസ്താനി പറയുന്നു.
താങ്ങൾ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാനും ശ്രദ്ധ നേടുന്നതിനായി പല തരത്തിലുള്ള ‘തമ്പ്നെയിലുകൾ’ (Thumbnail) നൽകാനും മാധ്യമങ്ങൾക്ക് കഴിയുമെന്ന ഭയമാണ് താരത്തെ പിന്തിരിപ്പിച്ചത്. താൻ ജോലി ചെയ്തിരുന്ന ‘വെറൈറ്റി മീഡിയ’ എന്ന ചാനലിനോട് മസ്താനി നന്ദി പറഞ്ഞു. അവർ ഇപ്പോഴും തനിക്കൊപ്പം നിൽക്കുന്നുണ്ടെന്നും, വേണമെങ്കിൽ തന്നെ വെച്ച് ഇന്റർവ്യൂ എടുക്കാമായിരുന്നിട്ടും അത് ആവശ്യപ്പെടാത്തത് അവരുടെ മാന്യതയാണെന്നും അവർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് ടീം ഫോൺ നാട്ടിലെത്തിയ ശേഷം മാത്രമേ ഓൺ ചെയ്യാവൂ എന്ന് പറഞ്ഞിരുന്നെങ്കിലും, എയർപോർട്ടിലെ ആവശ്യങ്ങൾക്കായി ഐഡി പ്രൂഫുകൾ ഫോണിലായിരുന്നതിനാൽ ചെന്നൈ എയർപോർട്ടിൽ വെച്ച് ഫോൺ ഓൺ ചെയ്യേണ്ടി വന്നു. ഫോൺ ഓൺ ചെയ്ത ഉടൻ തന്നെ പരിചയമുള്ള മാധ്യമപ്രവർത്തകരിൽ നിന്നും കോളുകൾ വരാൻ തുടങ്ങി.
അവരാണ് തനിക്ക് മുന്നറിയിപ്പ് നൽകിയതെന്നും മസ്താനി വെളിപ്പെടുത്തി. “കൊച്ചി എയർപോട്ടിൽ വരുമ്പോൾ സൂക്ഷിക്കണം. നിന്നെ കാത്ത് ആളുകൾ നിൽപ്പുണ്ട്. കൂവാനും, പുലികളി കളിച്ച് നിന്നെ നാണം കെടുത്താനും, പലതരം ചോദ്യങ്ങൾ ചോദിക്കാനും, അപ്പാനി ശരത്തിൻ്റെ കയ്യിൽ നിന്നും കാശ് വാങ്ങിയ മീഡിയ വെയ്റ്റ് ചെയ്യുകയാണ് എന്നാണ് അവർ പറഞ്ഞത്. അത് കേട്ടപ്പോഴുള്ള എൻ്റെ അവസ്ഥ ആലോചിച്ച് നോക്കൂ,” താരം വേദനയോടെ പറഞ്ഞു.
ഇതുകേട്ട് പേടിച്ച താൻ ഉടൻ തന്നെ ബിഗ് ബോസ് ടീമിനെ വിളിച്ച് കാര്യം അറിയിച്ചു. ഫോൺ എന്തിന് ഓൺ ചെയ്തു എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം. അതുകേട്ടപ്പോൾ കോൾ കട്ട് ചെയ്തുവെന്നും, പിന്നീട് അവർ തിരിച്ചു വിളിച്ച് കുഴപ്പമില്ല ധൈര്യമായി പൊയ്ക്കോളാൻ പറഞ്ഞുവെന്നും മസ്താനി വ്യക്തമാക്കി.
പരിചയക്കാർ പോലും വിഷമിപ്പിച്ചു; ഇപ്പോൾ എല്ലാവരെയും പേടിയാണ്
കൊച്ചി എയർപോർട്ടിൽ തനിക്കായി ഒരുപാട് മീഡിയക്കാർ കാത്തുനിന്നിരുന്നു. അവരിൽ പലരും മൂന്ന് വർഷമായി തനിക്ക് പരിചയമുള്ളവരാണ്. “എന്നിട്ടും അവർ എൻ്റെ വീഡിയോ എടുത്തിട്ട് നൽകിയ ക്യാപ്ഷൻ കണ്ട് എനിക്ക് വിഷമം തോന്നി. ഞാൻ സപ്പോർട്ട് ചെയ്ത ഒരു പേജ് പോലും എന്നെക്കുറിച്ച് മോശം തമ്പ്നെയിലാണ് ഇട്ടത്,” മസ്താനി പറഞ്ഞു.
പൊതുവെ എല്ലാ കാര്യവും തമാശയായി എടുത്തിരുന്ന തനിക്ക് ബിഗ് ബോസിൽ പോയി വന്ന ശേഷം അതിന് കഴിയുന്നില്ലെന്നും, എല്ലാവരേയും പേടിയാണെന്നും മസ്താനി പറയുന്നു. അതുകൊണ്ട് തന്നെ താൻ കമൻ്റ്സും മെൻഷനുമെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. സ്വന്തം വീഡിയോ പോലും കാണാൻ താൽപര്യമില്ലാതെ നോട്ട് ഇൻ്ററസ്റ്റ് അടിച്ച് വിടാറാണ് പതിവെന്നും താരം കൂട്ടിച്ചേർത്തു.
















