അന്തരിച്ച നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ വർഗീയ നിലപാടുമായി തന്നെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി രംഗത്ത്. തൻ്റെ നിലപാടുകളുടെ പേരിൽ മതവിരോധിയും ഹിന്ദു വിരോധിയുമൊക്കെയായി ചിത്രീകരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ മറുപടിയെന്നും, തന്നെ അൺഫോളോ ചെയ്ത് പോകണമെന്നും നിസാർ ആവശ്യപ്പെട്ടു.
ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കരിയെക്കുറിച്ച് നിസാർ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമായിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അസുഖബാധിതനായി കിടന്ന മാമുക്കോയയ്ക്ക് വത്സൻ തില്ലങ്കരി അയച്ച ഒരു ഓഡിയോ സന്ദേശത്തെക്കുറിച്ചാണ് നിസാർ സംസാരിച്ചത്. മുസ്ലിം വിരോധിയായി പലരും ചിത്രീകരിക്കുന്ന ഒരാൾ മാമുക്കോയയെ ആശ്വസിപ്പിച്ചതിനെക്കുറിച്ചുള്ള ഈ പരാമർശം നിസാറിനെതിരെ വലിയ സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചു.
വർഗീയവാദികൾക്കുള്ള നിസാറിൻ്റെ മറുപടി (പൂർണ്ണരൂപം):
നിസാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വർഗീയവാദികളെ രൂക്ഷമായി വിമർശിച്ചു.
“ബഹുമാനപ്പെട്ട ചുരുക്കം ചില മണ്ടന്മാരായ, പെറുക്കികൾ ആയ, വിവരം ഇല്ലാത്ത വർഗ്ഗീയ വാദികളായ ഫോളോവേഴ്‌സ് അറിയാൻ, നടനും മനുഷ്യനും മുസ്ലിമും ഇന്ത്യക്കാരനും ആയ നല്ല ബാപ്പക്ക്, നന്മയുള്ള ബാപ്പക്ക് ജനിച്ച ഞാൻ നിസാർ എഴുതുന്നു… ഞാൻ വത്സൻ തില്ലങ്കരിയുടെ ഒരു കാര്യം പറഞ്ഞപ്പോൾ ഇസ്ലാമിന് എതിര്… ഇപ്പൊ മാതാ അമൃതാനന്തമയി ദേവിക്ക് ജന്മദിനാശംസകൾ പറഞ്ഞപ്പോ ഞാൻ മുസ്ലിം വിരോധി… പലസ്തീൻ പ്രശ്നം പറഞ്ഞപ്പോൾ ഹിന്ദു വിരോധി…”
തന്നെ കളിയാക്കുന്നവർ സ്വന്തം പിതാവിൻ്റെ നിലവാരം ഓർക്കണമെന്നും നിസാർ ഓർമ്മിപ്പിച്ചു.
“ഞാൻ ഈ പറയുന്നത് എൻ്റെ പോസ്റ്റിന് താഴെ കാട്ടം കമൻ്റ് അയക്കുന്നവർക്ക് മാത്രമാണ്. ദയവു ചെയ്തു നിങ്ങൾ എൻ്റെ പോസ്റ്റുകൾ ഒഴിവാക്കണം. വർഗ്ഗീയ വാദികൾ ആയ നിങ്ങൾ എന്നെ അൺഫോളോ ചെയ്യൂ, പ്ലീസ്. എനിക്ക് നിങ്ങൾ ലൈക് അടിച്ചിട്ടോ കമൻ്റ് ചെയ്തിട്ടോ ഉള്ള റീച്ചോ പൈസയോ വേണ്ടാ. ഇസ്ലാം കാര്യവും ഈമാൻ കാര്യവും അറിയാത്ത നിങ്ങൾ എന്നെ കളിയാക്കരുത്. കാരണം നിൻ്റെയൊക്കെ പിതാവ് അല്ല എൻ്റെ പിതാവ്.” തൻ്റെ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും കോട്ടം തട്ടുമ്പോൾ അത് ആരോടായാലും ഏതു ഭരണകർത്താവിനോടായാലും താൻ നിലപാട് അറിയിക്കുമെന്നും അതിനുള്ള ധൈര്യവും അറിവും തനിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ടെന്നും നിസാർ ഉറപ്പിച്ചു പറയുന്നു.
“എനിക്ക് അഡ്രസ് ഉണ്ട്… എനിക്ക് തന്തയുണ്ട്… നിലപാടുണ്ട്… പ്രവാചകൻ ഉണ്ട്… മത വിശ്വാസം ഉണ്ട്… ഏക ദൈവ വിശ്വാസം ഉണ്ട്… എന്നെപ്പോലെ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾ എടുത്തോളൂ… തീട്ട വചനങ്ങളുമായി എൻ്റെ പിറകെ വരരുത്.”
വർഗീയതയും കൊണ്ട് തന്നെ തിരുത്താൻ വരേണ്ടെന്നും, അഴുക്കു തിന്നുന്നവർ കളം ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടാണ് നിസാർ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. തനിക്ക് ഇഷ്ടമുള്ളവർ മാത്രം കൂടെ മതി. ഇവിടെ എല്ലാ മതസ്ഥരും ഉണ്ടാവും എന്നും അദ്ദേഹം വ്യക്തമാക്കി.
















