വിദ്യാഭ്യാസം ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴും കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന വണ്ടിപ്രാന്ത് ഉപേക്ഷിക്കാൻ അനന്തലക്ഷ്മിക്ക് കഴിഞ്ഞില്ല. ഒടുവിൽ, എംകോം വിദ്യാർഥിയായ ഈ മിടുക്കി കണ്ടക്ടറുടെ കുപ്പായമണിഞ്ഞപ്പോൾ ആ യാത്രയ്ക്ക് പുതിയ നിറം കൈവന്നു. അതും സ്വന്തം ബസിൽ, വളയം പിടിക്കുന്നത് അച്ഛൻ തന്നെ!
അച്ഛനും മകളും ചേർന്നാണ് ഇപ്പോൾ ഈ ബസ് സർവീസ് പൂർണമായും നിയന്ത്രിക്കുന്നത്. അച്ഛൻ ബസ് ഓണറും ഡ്രൈവറുമാകുമ്പോൾ, മകൾ അനന്തലക്ഷ്മി കണ്ടക്ടറും ‘കിളിയും’ ആയി ചുമതലയേൽക്കും.
പ്രതിസന്ധിയിൽ കണ്ടക്ടർ കുപ്പായം
ഈ അച്ഛൻ-മകൾ കൂട്ടുകെട്ടിന് പിന്നിൽ ഒരു കോവിഡ് കാല പ്രതിസന്ധിയുടെ കഥ കൂടിയുണ്ട്. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ, ജീവനക്കാരെ വെച്ച് സർവീസ് നടത്താൻ കഴിയാതെ അച്ഛൻ തളർന്നു. അപ്പോഴാണ് അനന്തലക്ഷ്മി ധൈര്യപൂർവ്വം കണ്ടക്ടർ കുപ്പായം അണിയാൻ തീരുമാനിച്ചത്.
മകളുടെ ഈ ആഗ്രഹത്തോട് അച്ഛന് ഒട്ടും മറുത്തുപറയേണ്ടി വന്നില്ല. “നാളെ മകൾ സ്വന്തമായി ഈ ബസ് സർവീസ് നടത്തേണ്ടി വന്നാൽ എല്ലാം അറിഞ്ഞിരിക്കണം,” എന്നായിരുന്നു അച്ഛൻ്റെ നിലപാട്. അച്ഛൻ തന്നെയാണ് ഡ്രൈവർ എന്ന ആത്മവിശ്വാസം അനന്തലക്ഷ്മിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും ഇഷ്ടതാരം
അനന്തലക്ഷ്മി ഇപ്പോൾ യാത്രക്കാരുടെയും ബസിലെ മറ്റ് ജീവനക്കാരുടെയും ഇഷ്ടതാരമാണ്. യാത്രക്കാർ അനന്തലക്ഷ്മിയുടെ ‘ഫാൻസ്’ ആയി മാറി. “അനന്തലക്ഷ്മിക്കൊപ്പം ജോലി ചെയ്യാൻ പ്രത്യേക എനർജിയാണ്,” എന്നാണ് ബസിലെ മറ്റ് ജീവനക്കാർ പറയുന്നത്.
ആദ്യമൊക്കെ ടിക്കറ്റെടുക്കാൻ തുടങ്ങുമ്പോൾ ജനങ്ങൾ അതിശയത്തോടെയാണ് തന്നെ നോക്കിയിരുന്നതെന്ന് അനന്തലക്ഷ്മി ഓർക്കുന്നു. “ഞാൻ കണ്ടക്ടറാണെന്ന് പലരും വിശ്വസിക്കുമായിരുന്നില്ല. എന്തിനാണ് ഈ ജോലി ചെയ്യുന്നതെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. എന്നാൽ, മാന്യമായ ഏതൊരു ജോലിയും ചെയ്യുന്നതിൽ തെറ്റില്ല. എനിക്കിഷ്ടമുള്ളതാണ് ഞാൻ ചെയ്യുന്നത്,” എന്ന് അനന്തലക്ഷ്മി പറയുന്നു.
ഈ ജോലിയിൽ കണ്ടപ്പോൾ മറ്റ് പല പെൺകുട്ടികളും തങ്ങൾക്കും ഈ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതായും, എന്നാൽ വീട്ടിൽ സമ്മതിക്കില്ല എന്നതാണ് അവരുടെ പരാതിയെന്നും അനന്തലക്ഷ്മി കൂട്ടിച്ചേർത്തു.
അച്ഛൻ നൽകുന്ന കൃത്യമായ ശമ്പളം
എംകോം പഠനം തുടരുന്നതിനിടയിലും കണ്ടക്ടർ ജോലി കൃത്യമായി ചെയ്യുന്ന അനന്തലക്ഷ്മിക്ക് ബസിലെ മറ്റ് ജീവനക്കാർക്കുള്ളതുപോലെ അച്ഛൻ കൃത്യമായി ശമ്പളം നൽകുന്നുണ്ട്. “എന്റെ കാര്യങ്ങൾ അതുകൊണ്ട് നടത്താൻ സാധിക്കുന്നു, നമ്മുടെ ആവശ്യങ്ങൾക്കായി ആരുടെ മുന്നിലും കൈനീട്ടേണ്ടി വരുന്നില്ല എന്നതാണ് പ്രധാനം,” തൻ്റെ വരുമാനത്തെക്കുറിച്ച് അനന്തലക്ഷ്മി പറയുന്നു.
















