സൽമാൻ ഖാൻ – ഐശ്വര്യ റായ് പ്രണയം എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. 2002-ൽ ഇരുവരും വേർപിരിഞ്ഞതും പ്രണയം പോലെ തന്നെ ചർച്ചയായി. ഈ വേർപിരിയലിന് തൊട്ടുപിന്നാലെയാണ്, ഹൃദയം തകർന്ന ഒരു കാമുകൻ്റെ വേഷത്തിൽ സൽമാൻ ഖാൻ സതീഷ് കൗശിക് സംവിധാനം ചെയ്ത ‘തേരേ നാം’ എന്ന ചിത്രത്തിൽ അഭിനയിച്ചത്.
ഐശ്വര്യയുമായുള്ള വേർപിരിയലിലെ വ്യക്തിപരമായ ദുഃഖം സൽമാന്റെ അഭിനയത്തെയും ചിത്രത്തിന്റെ വൈകാരിക തീവ്രതയെയും ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് സമീർ അൻജാൻപറയുന്നു വേർപാടിന്റെ വേദനയിൽ കഴിയുകയായിരുന്ന സൽമാൻ, പലപ്പോഴും ചിത്രത്തിന്റെ ടൈറ്റിൽ ഗാനം കേട്ട് വികാരാധീനനായി കരയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ശുഭംകർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സമീർ അൻജാന്റെ വെളിപ്പെടുത്തൽ.
“ഞങ്ങൾ ‘തേരേ നാം’ ടൈറ്റിൽ ഗാനം എഴുതിയത് സൽമാൻ ഖാനെ ഉദ്ദേശിച്ചായിരുന്നില്ല. എന്നാൽ ഐശ്വര്യ റായിയുമായുള്ള വേർപിരിയലിന് ശേഷം, ആ പാട്ട് അദ്ദേഹത്തിന്റെ സ്വകാര്യ പ്രണയനഷ്ടത്തിന്റെ ഗാനമായി മാറി. ആ പാട്ടിന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുൻപ് സൽമാൻ ഹിമേഷ് രേഷ്മിയയെ വിളിച്ച് അത് പാടാൻ ആവശ്യപ്പെടുകയും, തുടർന്ന് പൊട്ടിക്കരയുകയും ചെയ്യുമായിരുന്നു,” സമീർ അൻജാൻ ഓർത്തെടുത്തു.
“സൽമാന് വല്ലാതെ വേദനയുണ്ടായിരുന്നു. മുറിവുകൾ മാഞ്ഞിരുന്നില്ല. ഓരോ ഷോട്ടിന് മുൻപും ഹിമേഷ് പാടും, സൽമാൻ കരയും. ‘ക്യൂം കിസികോ വഫാ കേ ബദ്ലേ വഫാ നഹി മിൽതി’ (എന്തുകൊണ്ടാണ് ഒരാൾക്ക് സ്നേഹത്തിനു പകരമായി സ്നേഹം ലഭിക്കാത്തത്) എന്ന വരി, ഐശ്വര്യയുടെ അടുത്തെത്തണം, തന്റെ വേദന ഐശ്വര്യ അറിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.”
മറ്റൊരു ശ്രദ്ധേയമായ ബോളിവുഡ് വേർപിരിയലിനെ കുറിച്ച് അഭിമുഖത്തിൽ സമീർ അൻജാൻ വെളിപ്പെടുത്തി. ‘മിലേംഗേ മിലേംഗേ’ (2010) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ഷാഹിദ് കപൂറും കരീന കപൂറും തമ്മിലുള്ള ബന്ധം തകർന്നത്.
“ഷാഹിദും കരീനയും പിരിഞ്ഞപ്പോൾ ഒരു ഗാനം കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. സിനിമ പൂർത്തിയാകുമോ എന്ന ആശങ്കയിൽ നിർമ്മാതാവ് ബോണി കപൂർ എന്നെ സമീപിച്ച്, ഈ രണ്ട് അഭിനേതാക്കളെയും വൈകാരികമായി ബന്ധിപ്പിക്കുന്നതും അവരുടെ സ്വന്തം കഥ പോലെ തോന്നുന്നതുമായ ഒരു ഗാനം എഴുതാമോ എന്ന് ചോദിച്ചു.”
അങ്ങനെയാണ് ‘കുച്ച് തോ ബാക്കി ഹേ’ എന്ന ഗാനം പിറന്നത്. ഈ വരികൾ കേട്ടപ്പോൾ ബോണിക്ക് ആത്മവിശ്വാസം ലഭിച്ചു, അത് സിനിമയുടെ തുടർ ജോലികൾക്ക് സഹായകമാവുകയും ഒടുവിൽ ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, വേർപിരിയലിന് ശേഷം ഡബ്ബിംഗിനായി താരങ്ങൾ ഒരുമിച്ച് വരാൻ വിസമ്മതിച്ചതിനാൽ, 2004-ൽ തുടങ്ങിയ ഈ ചിത്രത്തിന്റെ റിലീസ് ഏകദേശം 6 വർഷത്തോളം വൈകി.
















