ഇന്ന് ഒക്ടോബർ 2 ഗാന്ധിജയന്തി! അതായത് ഇങ്ങിയയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം. ഗാന്ധി എന്നപേരിനൊപ്പം മറക്കാൻ സാധിക്കാത്ത മറ്റൊരു പേരുകൂടിയുണ്ട്. നാഥുറാം ഗോഡ്‌സെ! അതെ… എല്ലാവർക്കും ഉത്തരമറിയാവുന്ന ഒരു ചോദ്യമാണ് ഗാന്ധിയെ കൊലപ്പെടുത്തിയ വ്യക്തി ആരാണെന്ന്. ഈ ചോദ്യത്തിന്റെ ഉത്തരം പലയിടങ്ങളിൽ നമ്മൾ എഴുതപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ 156 – ാം ജന്മദിനം ആഘോഷിക്കപ്പെടുന്ന ഈ ദിവസം അറിയാം മരണമില്ലാത്ത ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെക്കുറിച്ച്.

ഓരോ ജനുവരി 30 ഉം , ഒക്ടോബർ 2 ഉം ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ രണ്ട് ഓർമ്മകളുടെ ദിനമാണ്. അതിൽ സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ജനുവരി 30. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ആജീവനാന്തം പ്രയത്നിച്ച വ്യക്തിയാണ് മഹാത്മാ ഗാന്ധി. എന്നാൽ 1948 ജനുവരി 30 ന് തന്റെ 78-ാം വയസ്സിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധി സ്മൃതി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്. കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്ന നാഥുറാം ഗോഡ്‌സെയാണ് ഗാന്ധിയെ കൊന്നത്.
ആരാണ് നാഥുറാം വിനായക് ഗോഡ്‌സെ?

1910 മേയ് 19 ന് നാഥുറാം വിനായക് ഗോഡ്‌സെ മഹാരാഷ്ട്രയിലെ പൂനെയ്‌ക്കടുത്ത് ജനിച്ചു. കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്ന ഗോഡ്‌സെയ്ക്ക് ആദ്യം ഗാന്ധിയുടെ പ്രവർത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് ആ ആരാധന ഗാന്ധിയുടെ ദര്‍ശനങ്ങളോട് കടുത്ത വിയോജിപ്പിന് കാരണമായി. അതിന്റെ കാരണം ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്ത് പാക്കിസ്ഥാന് അനുകൂലമായാണ് ഗാന്ധി നിലപാടെടുത്തതെന്ന് ഗോഡ്‌സെ വിശ്വസിച്ചിരുന്നു എന്നതാണ്. ഈ കാരണമാണ് ഗാന്ധി വധത്തിലേക്ക് നയിച്ചത്. ഹിന്ദു ദേശീയവാദിയും, ഹിന്ദുമഹാസഭ-രാഷ്ട്രീയ സ്വയം സേവക് സംഘത്തിലെ അംഗവുമായിരുന്നു ഗോഡ്‌സെയുടെ മാത്രം തീരുമാനമായിരുന്നില്ല ഗാന്ധി വധം. അദ്ദേഹത്തോടൊപ്പം നാരായണൻ ആപ്‌തെ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, വിനായക് സവർക്കർ, മദൻലാർ പാഹ്വ തുടങ്ങി പലരും പങ്കാളികളായിരുന്നു.
ആര്‍എസ്എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗോഡ്‌സെ വി.ഡി.സവര്‍ക്കറെ പ്രചോദനമായാണ് കണ്ടിരുന്നത്. ജാതി രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു രണ്ട് പേരും.
1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. നിരവധി തവണ ഗാന്ധിക്ക് നേരെ നടന്ന കൊലപാതക ശ്രമത്തിന്റെ പരമ്പരയിൽ ഫലം കണ്ടതോ 1948 ല്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാൽ ആയിരുന്നു. വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ചില്‍ തുളച്ചു കയറിയത് മൂന്നു തവണയായിരുന്നു. ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗോഡ്‌സെയെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്. നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ കൊന്നതിൽ ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല. ഗാന്ധിയുടെ മതനിരപേക്ഷ സമീപനത്തിനോട് അയാൾക്കും അയാളുടെ രാഷ്ട്രീയത്തിനും യോചിക്കനായതേയില്ല എന്നതാണ് യാഥാർഥ്യം.
ജനുവരി 30 ; ഗാന്ധിയുടെ മരണം

സാധാരണയായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം അന്ന് വൈകി. വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ വൈകുകയായിരുന്നു. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ഉടനെ തന്നെ പ്രാര്‍ത്ഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങള്‍ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്ക് പോകുവാന്‍ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്‌സെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് താണു വണങ്ങിക്കൊണ്ട് ‘നമസ്‌തേ ഗാന്ധിജി’ എന്നു പറഞ്ഞ് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാന്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സെയെ വിലക്കി. എന്നാല്‍, ഇടതു കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്‌സെ മൂന്ന് തവണ വെടിയുതര്‍ത്തു. ഹേ റാം, ഹേ റാം എന്ന് എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം പതിയെ നിലംപതിച്ചു.
ഗോഡ്‌സെയുടെ അറസ്റ്റ്, വിചാരണ, വധശിക്ഷ

ഗാന്ധിജിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റു ചെയ്തു. ഗാന്ധിജിയുടെ വധം വിചാരണക്കോടതി ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തു. ഈ കൊലയ്ക്കു താന്‍ മാത്രമാണ് ഉത്തരവാദിയെന്നും താനാണ് അതു നിര്‍വഹിച്ചതെന്നും കേസിന്റെ ആദ്യന്തം നാഥുറാം ഗോഡ്സെ അവകാശപ്പെട്ടുകൊണ്ടിരുന്നു. എങ്കിലും ഗോപാല്‍ ഗോഡ്സെ, നാരായണന്‍ ആപ്തെ, മദല്‍ലാല്‍, കര്‍ക്കറെ, സവര്‍ക്കർ, ദിബംഗര്‍ ബാഡ്ജെയുടെ ഭൃത്യന്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. എട്ടു പ്രതികളില്‍ ഏഴുപേരും ശിക്ഷിക്കപ്പെട്ടു. ആപ്തെക്കും ഗോഡ്സെക്കും മരണശിക്ഷയാണ് ലഭിച്ചത്. മറ്റ് അഞ്ചുപേരും ജീവപര്യന്തം തടവുശിക്ഷയ്ക്കര്‍ഹരായി. 1949 നവംബര്‍ 15ന് ആപ്തെയെയും നാഥുറാം ഗോഡ്സെയെയും തൂക്കിലേറ്റി വധിച്ചു.
എന്നാൽ ഗാന്ധിജിയുടെ വധത്തിനു ശേഷം എന്തുണ്ടായി എന്ന കാര്യത്തിൽ രണ്ടു വ്യാഖ്യാനങ്ങൾ ചരിത്രത്തിലുണ്ട്. ഒന്ന്, കൊലക്കു ശേഷം ഗോഡ്‌സെ നിരുപാധികം കീഴടങ്ങി, അറസ്റ്റു ചെയ്യപ്പെട്ടു എന്നതും രണ്ട്, ജനക്കൂട്ടം ഗോഡ്‌സെയെ കായികമായി കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ചു എന്നതും.
ഗോഡ്‌സെയെ ഗാന്ധിവധത്തിലേക്ക് നയിച്ച കാരണങ്ങൾ

1940 കളില്‍ ഹിന്ദു രാഷ്ട്ര ദള്‍ എന്ന ഭീകരസംഘടനയ്ക്ക് രൂപം നല്‍കിയ ഗോഡ്‌സെ. ഹിന്ദു മഹാസഭയും ഗോഡ്‌സെയും ആള്‍ ഇന്ത്യ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനെയും ശക്തമായി എതിര്‍ത്തിരുന്നു. ഹിന്ദു- മുസ്ലീം ഐക്യത്തില്‍ മുന്‍നിര്‍ത്തിയുള്ള ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളാണ് സവര്‍ക്കരെയും കൂട്ടരെയും പ്രകോപിതരാക്കിയത്. ഗാന്ധിജിയുടെ നയങ്ങളും പ്രവൃത്തികളും തന്റെയും തന്റെ സംഘടനയുടെയും പ്രഖ്യാപിതനയങ്ങൾക്ക് വിലങ്ങുനിൽക്ക ന്നു എന്ന തോന്നൽ, അദ്ദേഹത്തെ ഇല്ലാതാക്കണം എന്ന തീരുമാനത്തിലേക്ക് ഗോഡ്സെയെയും സംഘത്തെയും എത്തിക്കുന്നു.
പാകിസ്ഥാൻ രൂപീകരണത്തോട് ഗോഡ്‌സെ കടുത്ത എതിർപ്പായിരുന്നു. അദ്ദേഹം ഗാന്ധിജിയെ പാകിസ്ഥാന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്നവൻ എന്ന് കരുതി. കൂടാതെ ഗാന്ധിജി മുസ്ലിംകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി ഉപവാസം തുടങ്ങിയപ്പോൾ ഗോഡ്‌സെ അത് ഹിന്ദുക്കളെ അവഗണിച്ചതായി കരുതി. ഗോഡ്‌സെ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണം എന്ന് കരുതിയപ്പോൾ ഗാന്ധിജി മതേതരവും എല്ലാവർക്കും സമാന അവകാശം നൽകുന്ന രാജ്യമാണ് മുന്നോട്ട് വെച്ചത്.
സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്‍റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്. ‘നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്’ എന്നായിരുന്നു ബിര്‍ല ഹൗസിന്റെ ഒരു ഗേറ്റിന് മുകളില്‍ കയറി നിന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് ഗാന്ധിജിയുടെ മരണത്തില്‍ പറഞ്ഞിരുന്നത്.
story highlight: who is nathuram godse
















