നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് അരുണ്‍ വിജയ്. ഇപ്പോഴിതാ മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തിലെ തന്റെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് അരുണ്‍ വിജയ്. സിനിമയിലെ തന്റെ കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസില്‍ ആയിരുന്നു എന്നും എന്നാല്‍ ഒടുവില്‍ അത് തനിക്ക് വഴിത്തിരിവായി എന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ വിജയ് പറഞ്ഞു.
അരുണ്‍ വിജയ്യുടെ വാക്കുകള്‍…….
‘എന്നൈ അറിന്താലിലെ വിക്ടറിന് ശേഷം വലിയ ഇംപാക്ടുണ്ടാക്കിയ വേഷമായിരുന്നു ചെക്ക ചിവന്ത വാനത്തിലെ ത്യാഗു. ആ പടത്തിന്റെ എഡിറ്റ് റീല്‍സ് ഇപ്പോഴും പലരും എനിക്ക് അയച്ചു തരാറുണ്ട്. സത്യം പറഞ്ഞാല്‍ ആ റോള്‍ ആദ്യം ചെയ്യാനിരുന്നത് ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം ഫഹദ് ആ പടത്തില്‍ നിന്ന് പിന്മാറി. വേറെ ആര് ആ വേഷം ചെയ്യുമെന്ന് ചര്‍ച്ച നടത്തി. ആ പടത്തിന്റെ നാലഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അരുണ്‍ വിജയ് ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞു. അതോടെയാണ് ആ റോള്‍ എനിക്ക് കിട്ടിയത്. അതായത്, ഒരു വേഷം എനിക്ക് വിധിച്ചതാണെങ്കില്‍ എന്നെത്തേടി വരുമെന്ന് ആ ഒരു സംഭവത്തോടെ തിരിച്ചറിഞ്ഞു’.
മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വനത്തില്‍ ത്യാഗു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അരുണ്‍ വിജയ് അവതരിപ്പിച്ചത്. വലിയ കയ്യടികള്‍ ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു. ധനുഷ് ചിത്രമായ ഇഡ്‌ലി കടൈ ആണ് ഇപ്പോള്‍ തിയേറ്ററിലെത്തിയ അരുണ്‍ വിജയ് ചിത്രം. സിനിമയില്‍ ഒരു ബോക്‌സറുടെ വേഷത്തിലാണ് നടന്‍ എത്തുന്നത്. ധനുഷ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്.
















