മലയാള സിനിമകളിലും സീരിയലുകളിലും സ്റ്റേജ് ഷോകളിലും മലയാളികളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഇപ്പോഴിതാ മക്കളില്ലാത്തതിനെക്കുറിച്ചും വര്‍ഷങ്ങളോളം ആ ആഗ്രഹത്തിനു പിന്നാലെ നടന്നതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സാജു നവോദയയും ഭാര്യയും.വണ്‍ ടു ടോക്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സാജു ഇക്കാര്യം മനസ്സ് തുറന്നത്.
സാജുവിന്റെ വാക്കുകള്‍……
‘ഇപ്പോള്‍ എല്ലാ കുട്ടിയും ഞങ്ങളുടെ കുട്ടിയാണ്. കുട്ടികളില്ലല്ലോ എന്ന ഫീല്‍ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. എന്റെ വീട്ടില്‍ നിന്നോ ഇയാളുടെ വീട്ടില്‍ നിന്നോ അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല. ഇത്രയും വയസായി. ഇനിയിപ്പോള്‍ കുട്ടിയുണ്ടായാല്‍ വളര്‍ത്തണ്ടേ. ഇനിയൊരു കുഞ്ഞായി അതിന് നല്ല പ്രായമെത്തുമ്പോള്‍ ഞങ്ങള്‍ ഏത് പ്രായത്തിലായിരിക്കും. അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ ഞങ്ങളെ അവര്‍ അനാഥാലയത്തില്‍ കൊണ്ട് വിടേണ്ടി വരും.
വിശേഷം എന്ന സിനിമ കണ്ടപ്പോള്‍ അതിലെ പല സീനുകളും പലര്‍ക്കും തമാശയായിട്ടാണ് തോന്നിയത്. പക്ഷെ ഞങ്ങളെ പോലുള്ളവര്‍ക്ക് അതൊക്കെ ചങ്കില്‍ കൊള്ളുന്ന സീനുകളാണ്. സിനിമയില്‍ ടെസ്റ്റ് ചെയ്യാന്‍ പോകുന്ന ആള്‍ ജീവിതത്തില്‍ ഞാനാണ്. ചമ്മിയാണ് അങ്ങോട്ട് പോകുന്നത്. അതിലും ചമ്മിയാണ് തിരിച്ച് വരുന്നത്. ആ സീനുകള്‍ കാണുമ്പോള്‍ പിടച്ചിലാണ്. കുറേ നാള്‍ അനുഭവിച്ചതാണ്. ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും ഉരുളി കമിഴ്ത്താന്‍ മണ്ണാറശാല ക്ഷേത്രത്തില്‍ പോയി. അന്ന് ഉരുളി മേടിക്കാന്‍ പോലും പൈസയില്ല. ഞങ്ങള്‍ ഒപ്പിച്ചൊക്കെ പോയതാണ്.
അവിടെ ചെന്നപ്പോള്‍ 55 വയസുള്ള ഒരു ചേട്ടനും ചേച്ചിയും ഉരുളി കമിഴ്ത്തുന്നു. ഞങ്ങള്‍ക്കില്ലെങ്കിലും കുഴപ്പമില്ല, അവര്‍ക്ക് കുഞ്ഞിനെ കൊടുക്കണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. തിരിച്ച് വരുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്ന് ഇവളോട് ചോദിച്ചു. ഞാന്‍ ആ ചേട്ടനും ചേച്ചിക്കും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്നാണ് ഇവളും പറഞ്ഞത്’.
https://youtu.be/XrCXn9F6ma4?si=ZqbZ_Hkg1ozbETnb
















