മലയാള സിനിമയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും സ്വഭാവ നടൻ എന്ന നിലയിലും തന്റേതായ ഒരിടം അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷമ്മി തിലകൻ. വെറും 19 വയസ്സിൽ തുടങ്ങിയ അദ്ദേഹത്തിന്റെ കലാജീവിതം, പകരം വെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയുമാണ് മുന്നോട്ട് പോകുന്നത്.
ചെറുപ്പത്തിൽ തന്നെ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ അവിശ്വസനീയമാണ്. കടത്തനാടൻ അമ്പാടിയിൽ പ്രേം നസീറിനും, താഴ്വാരത്തിൽ സലിം ഗൗസിനും, വ്യൂഹത്തിൽ രഘുവരനും വേണ്ടി സ്റ്റുഡിയോവിൽ ശബ്ദം നൽകുമ്പോൾ ഷമ്മി തിലകന് പ്രായം 19 വയസ്സുമാത്രം.
ചെറുപ്പത്തിൽ നേടിയ സംസ്ഥാന അവാർഡും തീപ്പൊരി കഥാപാത്രങ്ങളും
22 വയസ്സ് തികയും മുമ്പാണ് ‘ചെങ്കോൽ’ എന്ന ചിത്രത്തിലെ, “ചെറുപ്പത്തിലെ എന്ത് കളിയാടാ നീ കളിച്ചു വളർന്നത്? ഇടിച്ചു നിന്റെ പതിര് കലക്കി ഒരു കേസും ചാർജ് ചെയ്തു നിന്നെ അകത്തിടുവാൻ എനിക്ക് കഴിയും” എന്ന് പറഞ്ഞ് സേതുവിനെ വിരട്ടുന്ന എസ്.ഐ. ജോൺ എന്ന തീപ്പൊരി പോലീസ് കഥാപാത്രത്തെ അദ്ദേഹം അനശ്വരനാക്കിയത്.
1993-ൽ ‘ഗസൽ’ എന്ന കമൽ ചിത്രത്തിൽ നാസറിന് ശബ്ദം നൽകിയതിന് ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുമ്പോഴും ഷമ്മി തിലകന്റെ വീട്ടുകാർ അദ്ദേഹത്തിന്റെ 22-ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ശബ്ദത്തിലൂടെ അവിസ്മരണീയമാക്കിയ മുഖങ്ങൾ
മലയാളം വ്യക്തമായി ഉച്ചരിക്കാൻ അറിയാതിരുന്ന നെപ്പോളിയൻ, ടൈഗർ പ്രഭാകർ, സലിം ഗൗസ്, വിഷ്ണുവർധൻ തുടങ്ങിയ അന്യഭാഷാ താരങ്ങൾക്ക് ശബ്ദം നൽകി, മുണ്ടക്കൽ ശേഖരൻ, ഹൈദരാലി മരക്കാർ, താഴ്‌വാരത്തിലെ രാജു, കൗരവരിലെ ഹരിദാസ് തുടങ്ങിയ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയത് ഷമ്മി തിലകനാണ്. ‘കടത്തനാടൻ അമ്പാടി’ എന്ന ഒറ്റ സിനിമയിൽ തന്നെ പത്തിലേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി അദ്ദേഹം സഹപ്രവർത്തകരെ അമ്പരപ്പിച്ചു.
കഥാപാത്രങ്ങളിലെ വൈവിധ്യം
അഭിനയത്തിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു. ‘ചെങ്കോൽ’, ‘ലേലം’ തുടങ്ങിയ ചിത്രങ്ങളിലെ തീപ്പൊരി പോലീസ് ഓഫീസറായും, ‘നേരം’, ‘റൺ ബേബി റൺ’ പോലുള്ള സിനിമകളിലെ കോമഡി ചുവയുള്ള പോലീസ് വേഷങ്ങളും അദ്ദേഹം ഒരേ പൂർണ്ണതയോടെ കൈകാര്യം ചെയ്തു.
‘കസ്തൂരിമാൻ’, ‘വടക്കുംനാഥൻ’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ റോളുകൾ വളരെ അനായാസേന ചെയ്തു തീർക്കുകയും, സമീപകാലത്ത് ‘പാൽതു ജൻവർ’ എന്ന സിനിമയിൽ ആളുകളെ ചിരിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ഡോക്ടർ എന്ന വേഷത്തിൽ നിന്ന് നേരെയിറങ്ങി ‘പാപ്പനി’ലെ സൈക്കോ ഇരുട്ടൻ ചാക്കോയിലേക്ക് നടന്നു കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു.
നിലപാടുകളിലെ കരുത്തും നിശ്ചയദാർഢ്യവും
സിനിമയ്ക്കുള്ളിലെ രാഷ്ട്രീയ അടിയൊഴുക്കുകളിൽപ്പെട്ട് പലകുറി വേരുകൾ മുറിഞ്ഞിട്ടും, ഒരുത്തന്റെ മുന്നിലും മുട്ട് വളയ്ക്കാതെ, ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ കിട്ടുന്ന വേഷങ്ങൾ മാത്രം മതിയെന്ന ദൃഢനിശ്ചയം എടുത്ത വ്യക്തിയാണ് അദ്ദേഹം. സമൂഹത്തിലെ സെൻസേഷനായ വാർത്തകൾക്ക് നേരെ വിപരീതമായി നിൽക്കുമ്പോഴും, അത് ആരുടെ പേരോ പെരുമയോ നോക്കാതെ സ്വന്തം നിലപാട് വ്യക്തമാക്കുന്നതിലും അദ്ദേഹം മടി കാണിച്ചിട്ടില്ല.
പ്രതിഭയുടെ ഉൾക്കാതലിന്റെ ബലത്തിൽ വീഴാതെ പിടിച്ചു നിന്ന ഈ കരുത്തിനെ മലയാള സിനിമാ ലോകം സ്നേഹത്തോടെയും ആദരവോടെയും ഷമ്മി തിലകൻ എന്ന് വിളിക്കുന്നു.
















