ഭൂമി ഭ്രമണം നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ ? നമ്മുടെ ഗ്രഹം പെട്ടെന്ന് അതിന്റെ ഭ്രമണം നിർത്താനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ഈ സാഹചര്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.
ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും നമുക്കറിയാം. ഭൂമിക്ക് സ്വന്തം അച്ചുതണ്ടിൽ ഒരു കറക്കം പൂർത്തിയാക്കാൻ 23 മണിക്കൂറും 56 സെക്കൻഡും വേണം. ഈ കറക്കം ഒരു നിമിഷത്തേക്ക് നിലച്ചാൽ എന്താകും സംഭവിക്കുക എന്നാലോചിച്ചിട്ടുണ്ടോ? നിശ്ചലാവസ്ഥ ഒരു സെക്കൻഡ് ആണെങ്കിൽ പോലും അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഭൂമധ്യ രേഖയിൽ നിൽക്കുന്ന ഒരാൾക്ക്, മണിക്കൂറിൽ 1600 കിലോമീറ്റർ വേഗത്തിലാണ് ഭൂമി കറങ്ങുന്നതായി അനുഭവപ്പെടുക. അത്രയും വേഗത്തിലാണ് കറക്കം. ഏകദേശം നൂറ് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നൊരു ബസ് പെട്ടെന്ന് ബ്രേക്കിട്ടാൽ എന്താകും സംഭവിക്കുകയെന്ന് ആലോചിക്കാവുന്നതേയുള്ളൂ. അതിനേക്കാൾ പതിന്മടങ്ങ് അനുഭവമായിരിക്കും ഭൂമിയുടെ കറക്കം ഒന്നു നിലച്ചാൽ സംഭവിക്കുക.
ഭൂമിയുടെ കറക്കം നിലക്കുമ്പോഴും അന്തരീക്ഷം കറങ്ങിക്കൊണ്ടിരിക്കും. അത് പതിനായിരം ചുഴലിക്കാറ്റിനേക്കാളും അപകടമായിരിക്കും. അത് ഒരേ സമയം കടലിലും കരയിലും ദുരന്തം സൃഷ്ടിക്കും. പെട്ടെന്ന് കറക്കം നിലക്കുമ്പോൾ ഭൂമിയുടെ പുറന്തോടിന് ഇളക്കം സംഭവിക്കും. ഇത് സൂനാമിക്കും ഭൂകമ്പത്തിനും കാരണമാകും.ചുരുക്കത്തിൽ, ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും നശിപ്പിക്കാൻ ഒരു നിമിഷത്തെ നിശ്ചലത മതിയാകും. മാത്രമല്ല, ഇത് ചന്ദ്രന്റെ ചലനത്തെയും ബാധിക്കും. അപ്പോൾ, ഭൂമിയുടെ കറക്കം എന്ന പ്രതിഭാസത്തിന് ഈ ഗോളത്തിനെ സന്തുലിതമാക്കുന്നതിൽ എത്രമാത്രം പങ്കുണ്ടെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
















