ഗാസയിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായവുമായി മലയാളി യുവതി. കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മിയാണ് ഈ മനുഷ്യത്വപരമായ ഇടപെടലിലൂടെ ലോകത്തിന് മുന്നിൽ കേരളത്തിന് അഭിമാനമായത്.
ഗാസയിൽ നിന്നും തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്ത അഭയാർത്ഥി കുടുംബങ്ങൾ കുടിവെള്ള ക്ഷാമത്താൽ വലയുമ്പോളാണ് രശ്മിയുടെ സഹായമെത്തിയത്. ഏകദേശം 250 കുടുംബങ്ങൾക്കായി 3000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടർ ട്രക്ക് എത്തിച്ചു നൽകിയാണ് രശ്മി മാതൃകയായത്.
സഹായം ലഭിച്ചതിന് പിന്നാലെ ‘ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കൾക്കും നന്ദി’ എന്നെഴുതിയ പോസ്റ്ററുകൾ കൈയ്യിലേന്തി സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഗാസൻ നിവാസികൾ നന്ദി അറിയിച്ചു. ഈ ചിത്രങ്ങൾ രശ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേൽ ഉപരോധം മൂലം സഹായമെത്തിക്കാൻ പലർക്കും കഴിയാത്ത സാഹചര്യത്തിലാണ് രശ്മിയുടെ ഈ പ്രവർത്തനം ശ്രദ്ധേയമാകുന്നത്. കടുത്ത പ്രതിസന്ധിയിൽ ആശ്വാസമേകിയ മലയാളി യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.
















