ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ടെക് ഭീമന്മാരായ ഗൂഗിളിനും യൂട്യൂബിനുമെതിരെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത് വലിയ വാർത്തയായിരിക്കുകയാണ്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമിച്ച ഡീപ്ഫേക്ക് വീഡിയോകൾ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചാണ് താരങ്ങൾ കോടതിയെ സമീപിച്ചത്.
തന്റെ പേര്, ചിത്രങ്ങൾ, ശബ്ദം എന്നിവ അനുമതിയില്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നതായി കാണിച്ച് ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹരജി നൽകിയത്. ഈ അനധികൃത പ്രചാരണത്തിന് നഷ്ടപരിഹാരമായി 450,000 ഡോളർ (ഏകദേശം നാല് കോടി രൂപ) നൽകണമെന്നാണ് താരദമ്പതികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
‘AI Bollywood Ishq’ ചാനൽ നിരീക്ഷണത്തിൽ
കേസിൽ ‘AI Bollywood Ishq’ എന്ന യൂട്യൂബ് ചാനലിനെയാണ് ഐശ്വര്യയും അഭിഷേകും പ്രധാനമായി പരാമർശിച്ചിട്ടുള്ളത്. ഈ ചാനലിൽ കൃത്രിമമായി നിർമ്മിച്ച 259-ലധികം ഡീപ്ഫേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വീഡിയോകൾക്ക് ആകെ 16.5 ദശലക്ഷത്തിലധികം കാഴ്ചക്കാർ ലഭിച്ചിട്ടുണ്ടെന്നും ഇത് വഴി ചാനൽ പണം സമ്പാദിക്കുന്നുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സ്വകാര്യതയ്ക്ക് സ്ഥിര നിരോധനം തേടി
അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് ഉടനടി തടയണമെന്നും, വ്യക്തിഗത സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു. കൂടാതെ, എഐ-ജനറേറ്റഡ് ഡീപ്ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്ദങ്ങൾ, ചിത്രങ്ങൾ എന്നിവയുടെ ദുരുപയോഗം ശാശ്വതമായി നിരോധിക്കാൻ കോടതി ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന എഐ ഉള്ളടക്കങ്ങൾ, എഐ മോഡലുകൾക്ക് തെറ്റായ വിവരങ്ങൾ പഠിപ്പിക്കുകയും, അതുവഴി തെറ്റിദ്ധാരണകൾ കൂടുതൽ വ്യാപിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് താരങ്ങൾ കോടതിയിൽ വാദിച്ചു.
ഹരജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, സംഭവത്തിൽ ഗൂഗിളിന്റെ നിയമോപദേശകനോട് രേഖാമൂലം മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഇനി അടുത്തതായി പരിഗണിക്കുന്നത് 2026 ജനുവരി 15-നാണ്. ഇന്ത്യയിൽ വർധിച്ചുവരുന്ന ഡീപ്ഫേക്ക് ദുരുപയോഗത്തിനെതിരെ ഒരു പ്രധാന വ്യക്തിത്വം നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമായതിനാൽ, ഈ കേസ് നിയമപരവും സാങ്കേതികവുമായ മേഖലകളിൽ നിർണായകമായേക്കാം.
















