മകള്‍ക്ക് ഓണ്‍ലൈനില്‍ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ഓണ്‍ലൈന്‍ ഗെയിമിനിടെ മകളോട് അജ്ഞാതന്‍ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നാണ് അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. മുംബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പരിപാടിയിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍.
സംസ്ഥാന പോലീസ് ആസ്ഥാനത്ത് സൈബര്‍ ബോധവത്കരണമാസാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അക്ഷയ് കുമാര്‍. ഏഴുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സൈബര്‍ പിരീഡ് ഏര്‍പ്പെടുത്തണമെന്ന് അക്ഷയ് കുമാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് അദ്ദേഹം തന്റെ മകള്‍ക്കുണ്ടായ ദുരനുഭവം പറഞ്ഞത്.
ഏതാനും മാസങ്ങള്‍ മുമ്പായിരുന്നു സംഭവം. ഓണ്‍ലൈന്‍ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മകള്‍ക്ക് മെസേജ് എത്തി. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നായിരുന്നു ചോദ്യം. പെണ്‍കുട്ടിയാണെന്ന് പറഞ്ഞതോടെ നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മകള്‍ ഗെയിം ഓഫ് ചെയ്ത് അമ്മയെ കാര്യമറിയിക്കുകയായിരുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇതും സൈബര്‍ കുറ്റകൃത്യമാണെന്നും ഇതിനെതിരേ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
















