നൃത്തത്തെ ഒരു കരിയറായി സ്വീകരിക്കുകയും അതിൽനിന്ന് വരുമാനം നേടുകയും ചെയ്യുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സൗഭാഗ്യ വെങ്കിടേഷ്. കലയ്ക്ക് വേണ്ടി നിലകൊള്ളുമ്പോൾ പോലും, സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം സൗഭാഗ്യ വ്യക്തമാക്കുന്നു.
“കുട്ടികൾക്ക് സൗജന്യമായി നൃത്തം പഠിപ്പിച്ചിട്ടില്ല,” സൗഭാഗ്യ പറയുന്നു. എന്നാൽ, മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് താൻ ഈടാക്കുന്നത് കുറഞ്ഞ പ്രതിമാസ ഫീസ് മാത്രമാണ്. നൃത്ത പരിപാടികൾ അവതരിപ്പിക്കുമ്പോൾ മറ്റ് വേദികളിൽ അരലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ ചിലവ് വരുമ്പോൾ, തനിക്കൊപ്പം ഒരു പരിപാടി ചെയ്യുന്നതിന് ആയിരമോ ആയിരത്തി അഞ്ഞൂറോ രൂപ മാത്രമേ ചെലവ് വരൂ എന്നും സൗഭാഗ്യ ചൂണ്ടിക്കാട്ടി.
“മുഴുവൻ ഫ്രീയായി ചെയ്തുകൊടുക്കുക എന്നത് സാധ്യമല്ല. ആർട്ടിസ്റ്റുകൾക്കും ജീവിക്കണ്ടേ?” എന്ന് ചോദിക്കുന്ന സൗഭാഗ്യ, ഇതൊരു കരിയറാക്കി എടുത്തത് അതിൽനിന്ന് ഒരു വരുമാനം ഉണ്ടാക്കാൻ വേണ്ടി കൂടിയാണ് എന്ന് തുറന്നുസമ്മതിക്കുന്നു.
ചെറിയ തുക പോലും ചിലപ്പോൾ ചില ആളുകളുടെ കയ്യിൽ എടുക്കാൻ ഉണ്ടാവില്ല. അതുപോലെ, ചിലരോട് അഡ്മിഷൻ ഫീസ് ചോദിച്ചാൽ അവർ മുഖം ചുളിക്കുന്ന അവസ്ഥയുണ്ടെന്നും അവർ വെളിപ്പെടുത്തി. എങ്കിലും, പരമാവധി പണം കുറച്ച് വാങ്ങാൻ താൻ ശ്രമിക്കാറുണ്ടെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. കലാകാരന്മാർക്ക് അവരുടെ കല നിലനിർത്താനും മെച്ചപ്പെടുത്താനും സാമ്പത്തിക പിന്തുണ അനിവാര്യമാണെന്ന ശക്തമായ സന്ദേശമാണ് ഈ വാക്കുകളിലൂടെ അവർ നൽകുന്നത്.
















