കോളിവുഡിലെ മാതൃകാ ദമ്പതികളാണ് അജിത്തും ശാലിനിയും. 1999-ൽ പുറത്തിറങ്ങിയ ‘അമർക്കളം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുകയും തൊട്ടടുത്ത വർഷം വിവാഹിതരാവുകയും ചെയ്തത്. സിനിമ ലോകത്ത് താരങ്ങളുടെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, അജിത്ത് തന്റെ ഭാര്യ ശാലിനിക്ക് 26 വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു വാഗ്ദാനം ഇപ്പോഴും അക്ഷരംപ്രതി പാലിക്കുന്നു എന്ന റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തിന് മുമ്പ് ശാലിനി അജിത്തിനെക്കൊണ്ട് ഒരു വാക്ക് വാങ്ങിയിരുന്നു: വിവാഹശേഷം ഒരു സമയം ഒന്നിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കരുത്, ഒരു മാസത്തിൽ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിനായി മാറ്റിവെക്കാവൂ എന്ന്. ബാക്കി 15 ദിവസമെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് ശാലിനി ആഗ്രഹിച്ചു. ധാരാളം കുട്ടികളെ വേണമെന്നും അവരോടൊപ്പം സമയം ചെലവഴിക്കണമെന്നും ആഗ്രഹിച്ചിരുന്ന അജിത്തിന് ഈ വാഗ്ദാനം സന്തോഷത്തോടെ അംഗീകരിക്കാൻ കഴിഞ്ഞു.
ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും അജിത് ഈ വാക്ക് പാലിക്കുന്നുണ്ട്. അദ്ദേഹം ഒരിക്കലും ഒരേ സമയം രണ്ട് സിനിമകൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ അദ്ദേഹം ഭാര്യയോടും മക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. താരപദവിയുടെ ആഢംബരങ്ങളെക്കാൾ, കുടുംബബന്ധങ്ങൾക്ക് അദ്ദേഹം നൽകുന്ന ഈ വിലയാണ് ഈ ദാമ്പത്യ വിജയത്തിന്റെ രഹസ്യം.
















