മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, സംവിധായകൻ മഹേഷ് നാരായണൻ എന്നിവർ ഒരുമിച്ച് ചുവടുവെക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
എന്നാൽ ഈ നൃത്തം താരങ്ങൾ നേരിട്ട് ചെയ്തതല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ് എന്നതാണ് പ്രത്യേകത.
ഒരു ഗാനത്തിന് ഈ മൂന്ന് താരങ്ങളും ഒരുമിച്ച് ചുവടുവെക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഓരോ താരത്തിന്റെയും മുഖഭാവങ്ങളും ശരീരഭാഷയും അതിസൂക്ഷ്മമായി AI ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്, എന്തായാലും സംഭവം അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഈ എഐ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘നന്നായി കളിച്ചത് മമ്മുക്ക തന്നെ’ എന്നും, ‘അങ്ങനെ എങ്കിലും ഇക്ക ദേഹം അനങ്ങി പണി എടുക്കുന്നത് കണ്ടല്ലോ.. ഇനി എനിക്ക് മരിക്കാം’, എന്നും, ‘ആദ്യം ഒറിജിനൽ ആണോ എന്ന് വിചാരിച്ചു. പിന്നെ മമ്മൂട്ടിയുടെ ഡാൻസ് സൂപ്പർ ആയിരുന്നു. അന്നേരം മനസ്സിലായി AI ആണെന്ന്’ എന്നും ‘അങ്ങനെ എങ്കിലും ഇക്ക നന്നായി കളിച്ചല്ലോ’ എന്നുമുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത് വെറും വിനോദത്തിന് അപ്പുറം, സിനിമയിലും വിനോദ മേഖലയിലും AI സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
അതേസമയം മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിവിട്ടിരുന്നു. പാട്രിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലൻ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയ പിടിച്ച് കുലുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
















