ഓൺലൈൻ വീഡിയോ ഗെയിം കളിക്കുന്നതിനിടെ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മകളോട് അപരിചിതനായ വ്യക്തി നഗ്നചിത്രം ആവശ്യപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്ര സൈബർ ക്രൈം സെൽ അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ഉന്നത തലത്തിൽനിന്ന് നിർദ്ദേശമുണ്ട്. ഒരു മാസം മുമ്പാണ് ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായ അപരിചിതനായ വ്യക്തി നഗ്നചിത്രം ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് തന്റെ മകൾക്ക് നേരിടേണ്ട ദുരനുഭവത്തെക്കുറിച്ചും, സൈബർ മേഖലയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ചും അക്ഷയ് കുമാർ മുന്നറിയിപ്പ് നൽകിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സൈബർ ക്രൈം സെൽ പ്രാഥമികമായ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം അക്ഷയ് കുമാർ പറഞ്ഞത് :
‘ഏതാനും മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിലുണ്ടായ ചെറിയൊരു സംഭവം ഞാൻ പറയാം. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. മറ്റുള്ളവരുമായി കളിക്കാനാവുന്ന പല ഗെയിമുകളുണ്ട്. അപരിചിതനായ ആളുമായിട്ടായിരിക്കും അതിൽ നിങ്ങൾ കളിക്കുക. അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് മെസേജുകൾ വരാം. അങ്ങനെ അവൾക്കും ഒരു ഒരു മെസേജ് വന്നു’.
‘നീ ആണാണോ പെണ്ണാണോ എന്നായിരുന്നു അപ്പുറത്തുനിന്നുള്ള ചോദ്യം. പെണ്ണാണെന്ന് മറുപടി നൽകിയപ്പോൾ, എങ്കിൽ നിന്റെ നഗ്നചിത്രങ്ങൾ അയയ്ക്കൂ എന്നായിരുന്നു അയാളുടെ അടുത്ത മെസേജ്. അവൾ ഉടൻതന്നെ എല്ലാം ഓഫ് ചെയ്ത് ഓടിവന്ന് എന്റെ ഭാര്യയോട് കാര്യം പറഞ്ഞു. ഇങ്ങനെയാണ് ഓരോന്ന് സംഭവിക്കുക’.
‘ഇതൊരു സൈബർ കുറ്റകൃത്യമാണ്. സംസ്ഥാനത്തെ എല്ലാ സ്കൂളിലെയും ഏഴ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഒരു പിരീഡ് സൈബർ ക്രൈമുകളെ കുറിച്ചും സൈബറിടത്തെ പ്രശ്നങ്ങളെക്കുറിച്ചും പഠിപ്പിക്കാനായി മാറ്റിവയ്ക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. അവർ അതേക്കുറിച്ച് മനസിലാക്കണം. തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായി ഈ കുറ്റകൃത്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്’- അക്ഷയ് കുമാർ വിശദമാക്കി.
















