മലയാള സിനിമയിൽ തൻ്റെ തുറന്നുപറച്ചിലുകളും നർമ്മം കലർന്ന സംസാരശൈലിയും കൊണ്ട് ശ്രദ്ധേയനായ നടൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ കൃഷിയിടത്തിലേക്ക്. ‘നാവ് കൊണ്ട് മലയാളികളുടെ മനസ്സിൽ പൊന്ന് വിളയിച്ച’ ധ്യാൻ, ഇത്തവണ പാടത്ത് തന്നെ പൊന്ന് വിളയിക്കാനാണ് ഒരുങ്ങുന്നത്.
എറണാകുളം ഉദയംപേരൂർ പഞ്ചായത്തിലെ കണ്ടനാട് പാഠശേഖരത്തിൽ, 80 ഏക്കർ സ്ഥലത്താണ് ധ്യാൻ കൃഷിയിറക്കുന്നത്.
ഈ ഉദ്യമം ഏറെ മാതൃകാപരമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച്, അച്ഛനും പ്രിയ നടനുമായ ശ്രീനിവാസൻ വർഷങ്ങൾക്ക് മുൻപ് ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കുകയും ചെയ്തതിൻ്റെ പാത പിന്തുടരുകയാണ് ധ്യാൻ.
“ജൈവകൃഷി ഒരു സംസ്‌കാരമായി മാറേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്” എന്ന സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ് ധ്യാനിൻ്റെ ഈ പുതിയ യാത്ര. തിരക്കിനിടയിലും കൃഷിക്ക് സമയം കണ്ടെത്തുന്ന ധ്യാനിൻ്റെ ഈ തീരുമാനം യുവതലമുറയ്ക്ക് പ്രചോദനമാവുകയാണ്.
















