സിനിമാ മേഖലയിലെ ‘അഡ്ജസ്റ്റ്‌മെന്റ്’ (ഒത്തുതീർപ്പ്) പ്രവണതയെക്കുറിച്ച് തുറന്നടിച്ച് നടി ചാർമിള. കരിയറിൽ മുന്നോട്ട് പോകാൻ ഇത് ഒരു മാർഗ്ഗമായി പലരും കരുതുന്നുണ്ടെങ്കിലും, ഇത് ഒരു കെണിയാണെന്നും, ഒത്തുതീർപ്പിന് തയ്യാറാകാത്തതിനാലാണ് സനം ഷെട്ടിയെ പോലുള്ള നടിമാർക്ക് അവസരങ്ങൾ കുറഞ്ഞതെന്നും ചാർമിള വെളിപ്പെടുത്തി.
“അഡ്ജസ്റ്റ്‌മെന്റ് ഒരു ട്രാപ്പ്”
“കരിയറിൽ മുന്നോട്ട് വരാമെന്നാണ് അവർ കരുതുന്നത്, പക്ഷേ ഇത് ഒരു ട്രാപ്പാണ്,” ചാർമിള പറഞ്ഞു. സനം ഷെട്ടി എന്ന നടി ഒത്തുതീർപ്പിന് പോകാത്തതിനാലാണ് കരിയറിൽ മുന്നേറാത്തതെന്നും അവർ ചൂണ്ടിക്കാട്ടി. ഇവൻ വേറെ മാതിരി എന്ന സിനിമയിൽ തന്റെ മകളായി അഭിനയിച്ച സുരഭിയും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനാൽ കരിയറിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്ത ശേഷം അവസരങ്ങൾ കുറഞ്ഞവരിൽ ഉൾപ്പെടുന്നു.
“ഇങ്ങനെയുള്ള സ്ത്രീകൾ കരിയറിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രം ചെയ്യുന്നു. ടോപ് ഹീറോകൾക്കൊപ്പം സിനിമകൾ ലഭിക്കുന്നില്ല. അതിനർത്ഥം ടോപ് ഹീറോകൾ ഇക്കാര്യം പ്രതീക്ഷിക്കുന്നു എന്നല്ല, ഓരോരുത്തർക്കും ഓരോ ഫ്രണ്ട്സ് സർക്കിൾ ഉണ്ട്. അവരെ നായികയാക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
സിത്താരയെ മാതൃകയാക്കണം
നടി സിത്താരയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഒത്തുതീർപ്പിന് പോകാതെയും സിനിമയിൽ വിജയിക്കാമെന്ന് ചാർമിള പറയുന്നു. “സിത്താര എന്ന നടി ഇന്ന് വരെയും അഡ്ജസ്റ്റ്‌മെന്റിന് പോയിട്ടില്ല. കന്നഡത്തിലും തെലുങ്കിലും എത്രയോ സിനിമകൾ അവർ ചെയ്യുന്നു. ഇതെന്തുകൊണ്ട് മറ്റുള്ളവർ പിന്തുടരുന്നില്ല?” അവർ ചോദിച്ചു.
കൂടുതൽ നടിമാരും ഒത്തുതീർപ്പിന് ശേഷം പേര് കളഞ്ഞ് സിനിമാ രംഗത്തുനിന്ന് പുറത്തായവരാണെന്നും, അഡ്ജസ്റ്റ്‌മെന്റ് കാരണം ഫീൽഡ് വിട്ട് പോയവരാണ് കൂടുതലെന്നും ചാർമിള വ്യക്തമാക്കി. ഫീൽഡിൽ മുന്നേറിയവർ കുറവാണെന്നും അവർ പറഞ്ഞു.
ഒത്തുതീർപ്പിന് ‘നോ’ പറഞ്ഞപ്പോൾ നഷ്ടപ്പെട്ട അവസരങ്ങൾ
ഒത്തുതീർപ്പിന് ‘നോ’ പറഞ്ഞതിന്റെ പേരിൽ തനിക്കും ഒരുപാട് സിനിമകൾ നഷ്ടമായെന്ന് ചാർമിള തുറന്നുപറഞ്ഞു. “തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽ നിന്നും അടുത്ത സിനിമ ലഭിക്കുന്നതിന് ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്.”
ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്തയും തെറ്റാണ്. ഒത്തുതീർപ്പ് വഴിയും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ഗ്ലാമർ ചെയ്ത നടിമാരും ഒത്തുതീർപ്പിന് തയ്യാറായവരും ഇന്ന് സിനിമകളിലില്ല. സിനിമാ രംഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാഗ്യമാണെന്നും ചാർമിള കൂട്ടിച്ചേർത്തു.
















