ഇങ്ങ് ബഹ്‌റൈനിലുള്ളവർക്ക് പെട്ടെന്ന് ഒന്ന് സുമതി വളവിൽ പോകണമെന്ന് തോന്നിയാൽ അങ്ങ് കേരളത്തിലേക്ക് ഓടി വരുകയൊന്നും വേണ്ട, ഇവിടെയും ഉണ്ടൊരു സുമതി വളവ്. ബഹ്‌റൈനിലെ കർസാക്കാൻ ബീച്ചിന് സമീപമുള്ള ഒരു മനോഹരമായ സ്ഥലമാണ് സുമതി വളവ്. വളരെ പച്ചപ്പ് നിറഞ്ഞ് വളരെയധികം മനോഹരമായ ഒരു പ്രദേശമാണിത്.
ഈ സ്ഥലത്ത് വളരെയധികം പച്ചപ്പ് നിറഞ്ഞപ്പോൾ ഇവിടെ നിന്നുള്ള ദൃശ്യങ്ങളും വിഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടി. അങ്ങനെ പലരും ഈ സ്ഥലത്തിനെ കേരളത്തിലെ പാലോട്ടിലുള്ള സുമതി വളവുമായി ഉപമിച്ചു. അങ്ങനെ ഈ സ്ഥലം ‘ബഹ്‌റൈനിലെ സുമതി വളവ്’ ആയി.
ഈ പ്രദേശത്ത് അധികം കോൺക്രീറ്റ് കെട്ടിടങ്ങളോ താമസക്കാരോ ഇല്ല. റോഡിന്റെ ഇരുവശവുമായി മരങ്ങൾ വളർന്നു നിൽക്കുകയാണ്. തൊട്ടടുത്ത ഒരു കഥകളോ ഒന്നും തന്നെയില്ല. വൈദ്യുത വിളക്കുകൾ കുറവായ ഈ പ്രദേശത്ത് വൈകുന്നേരങ്ങളിൽ ഒരു നിഗൂഢമായ അന്തരീക്ഷം അനുഭവപ്പെടാറുണ്ട്.
ബഹ്‌റൈനിൽ നിന്നുള്ള ചില സംഗീത ആൽബങ്ങൾ ചിത്രീകരിക്കുന്ന ഫൊട്ടോഗ്രഫർമാരാണ് ഈ സ്ഥലത്തിന്റെ ഭംഗി ആദ്യമായി പ്രവാസികൾക്കിടയിൽ പ്രചരിപ്പിച്ചത്. തുടക്ക സമയത്ത് ഇവിടെ ആളുകളുടെ വലിയ തിരക്കായിരുന്നു.
ബഹ്‌റൈനിലെ ഒരു “ഫോട്ടോ സ്പോട്ട് ലൊക്കേഷൻ” കൂടിയാണ് ഇത്. എല്ലാ മലയാളികളും ഈ സ്ഥലത്തെ സുമതി വളവ് എന്നാണ് വിളിക്കുന്നത്. ഗൂഗിൾ മാപ്പിലും ഈ സ്ഥലം സുമതി വളവ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരുടെ എണ്ണം കൂടിയതോടെ കുതിരപ്പുറത്ത് ഈ പ്രദേശം ചുറ്റിക്കാണാനുള്ള സൗകര്യവുമുണ്ട്.
















