ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്.ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു
“നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് വൈകാരിക ഭാരത്തോടെ, ഇത് ഞാൻ വളർന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം, വൈകാരിക ഭാരം മറച്ചുവയ്ക്കാൻ എന്റെ അഭിനയ ശേഷിക്ക് ആകുന്നില്ല, സിനിമ എടുക്കാൻ അന്ന് തീരുമാനിച്ചത് ഓർക്കുമ്പോൾ ഭയം തോന്നുന്നു. ഇവിടേക്ക് വരുന്നതിന് തൊട്ട് മുമ്പും ഞാൻ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ഇത് തന്നെയാണോ തൊഴിൽ എന്നാലോചിക്കുമ്പോൾ ലാലേട്ടാ എന്ന വിളി കേൾക്കും, മുങ്ങി പോകുന്നെന്ന് തോന്നുമ്പോൾ ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്.” മോഹൻലാൽ പറഞ്ഞു.”എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാർഥനയോടെ. കാണുന്നവർക്ക് അനായാസമായി തോന്നുന്നെങ്കിൽ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്ക്. ഇത് കേരളത്തിന്റെ സ്വീകരണമായി കണക്കാക്കുന്നു. അച്ഛനെയും അമ്മയെയും ഓർക്കുന്നു, സുഹൃത്തുക്കളെ ഓർക്കുന്നു. എല്ലാത്തിനും ഉപരി മലയാളഭാഷയെയും സംസ്കാരത്തെയും ഞാൻ സ്നേഹിക്കുന്നു എന്റെ നാടിന്റെ മണ്ണിൽ ഗംഭീരമായ സ്വീകരണം ഒരുക്കിയ സർക്കാരിന് നന്ദി.” സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ഏറ്റുവാങ്ങികൊണ്ട് മോഹൻലാൽ പറഞ്ഞു.
















