സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം ചുവപ്പ് സാരിയുടുത്ത ചിത്രം രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് ധരിച്ച സാരിയാണെന്ന തരത്തിൽ അഭ്യൂഹങ്ങളുമുണ്ടായി. എല്ലാവർക്കും ദസറ ആശംസകൾക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് രശ്മിക ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാണ്. രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്തതിന്റേയും പിറന്നാൾ ആഘോഷിച്ചതിന്റേയുമെല്ലാം ചിത്രങ്ങളും പുറത്തുവന്നിരുന്നു. ന്യൂയോർക്കിൽ നടന്ന ‘ഇന്ത്യ ഡേ പരേഡി’ൽ അതിഥികളായെത്തിയ ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. താരങ്ങളുടെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
















