രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) പുതിയ റിപ്പോർട്ട്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം കാണാതായ കുട്ടികളെ വീണ്ടെടുക്കുന്നതിൽ കേരളം ഒന്നാമതെത്തി.
2023ൽ 18 വയസിന് താഴെയുള്ള കുട്ടികളെ ഏറ്റവും കൂടുതൽ കാണാതായ സംസ്ഥാനം പശ്ചിമ ബംഗാൾ ആണ്. മധ്യപ്രദേശും തമിഴ്‌നാടും തൊട്ടുപിന്നിലുണ്ട്. 2023 ൽ പശ്ചിമ ബംഗാളിൽ 14,667 കുട്ടികളെയും മധ്യപ്രദേശിൽ 12091 കുട്ടികളെയും തമിഴ്‌നാട്ടിൽ 7826 കുട്ടികളെയും കാണാതായതായി എൻസിആർബി ഡാറ്റ വെളിപ്പെടുത്തി.
ഇത്തരം കേസുകളിൽ രാജ്യത്ത് 9.5 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2022-ൽ കാണാതായ 83,350 കുട്ടികളുടെ കണക്കിൽ നിന്നാണ് ഈ വർധനവ്.
അതേസമയം കാണാതായ കുട്ടികളുടെ ദേശീയതലത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് 65.9 ശതമാനമാണ്. ദേശീയ ശരാശരിയിൽ നിന്നും വളരെ ഉയർന്ന വീണ്ടെടുക്കൽ നിരക്കുമായി കേരളം ഒന്നാമതുണ്ട്. കേരളത്തിൽ കാണാതായ കേസുകളിൽ 95.9 ശതമാനവും വീണ്ടെടുത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് 85.7 ശതമാനം, തമിഴ്‌നാട് 80.3 ശതമാനം, മധ്യപ്രദേശ് 69.8 ശതമാനം എന്നിങ്ങനെയാണ് പുറകെയുള്ള കണക്കുകള്‍.
2023-ൽ കേരളത്തിൽ കാണാതായ 2352 കുട്ടികളിൽ 2369 പേരെയും കണ്ടെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യാത്ത കാണാതായ കുട്ടികളിലും നിരവധി പേരെ കണ്ടെത്തിയിട്ടുണ്ട്. മുമ്പത്തെ വർഷങ്ങളിൽ കാണാതായ കുട്ടികളുടെ വീണ്ടെടുക്കലും ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ കാണാതായ 4433 പേരിൽ 4331 പേരെ ആന്ധ്രാ പ്രദേശിലും 8233 കുട്ടികളിൽ 7826 പേരെ തമിഴ്‌നാട്ടിലും കണ്ടെത്തി.
2022-ൽ 2,250 മനുഷ്യക്കടത്ത് കേസുകള്‍ രജിസ്റ്റർ ചെയ്‌ത സ്ഥാനത്ത് 2023ൽ 2,183 കേസുകള്‍ മാത്രമാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത് 3.0 ശതമാനം കുറവാണ് കാണിക്കുന്നത്. ഈ കേസുകളിലായി 2023-ൽ ആകെ 6,288 ഇരകളെ മനുഷ്യക്കടത്തിന് വിധേയമാക്കിയതായി റിപ്പോർട്ട് ചെയ്‌തു. ഇതിൽ 2,687 കുട്ടികളും 3,601 മുതിർന്നവരും ഉള്‍പ്പെടുന്നു.
പുതിയ ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, കുടുംബങ്ങൾക്ക് പിന്തുണ തുടങ്ങിയ വ്യാജ വാഗ്‌ദാനങ്ങൾ നൽകിയാണ് മനുഷ്യക്കടത്തുകാർ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മനുഷ്യക്കടത്തിനെതിരെ നിയമ നടപടി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ (എഎച്ച്ടിയു) സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
“മനുഷ്യക്കടത്ത് കേസുകൾ അന്വേഷിക്കുക, കുറ്റവാളികളുടെ വിവരങ്ങള്‍ ഉൾപ്പെടെയുള്ള ഡാറ്റാബേസുകൾ നിർമിക്കുക തുടങ്ങിയവയാണ് ഇവരുടെ ചുമതല. പുതിയ AHTU-കൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള AHTU-കൾ ശക്തിപ്പെടുത്തുന്നതിനുമായി നിർഭയ ഫണ്ടിൽ നിന്ന് 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ ഡാറ്റ പ്രകാരം, ഇതുവരെ 815 AHTU-കൾ പ്രവർത്തനക്ഷമമാണ്, കൂടാതെ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ ജില്ലകളിലും AHTU-കൾ സ്ഥാപിക്കുക എന്ന ലക്ഷ്യം നേടിയിട്ടുണ്ട്,” റിപ്പോർട്ട് പറയുന്നു.
2023-ൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും AHTU-കൾ 2,183 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മഹാരാഷ്ട്ര (388 കേസുകൾ), തെലങ്കാന (336 കേസുകൾ), ഒഡീഷ (162 കേസുകൾ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
2023-ൽ നിയമ നിർവഹണ ഏജൻസികൾ മനുഷ്യ കടത്തിനിരയായ 6043 പേരെ രക്ഷപ്പെടുത്തി. ഇതിൽ 1619 പുരുഷന്മാരും 961 സ്ത്രീകളും ഉൾപ്പെടെ 18 വയസിന് താഴെയുള്ള 2580 ഇരകളുണ്ട്. അതേസമയം, ഇതേ കാലയളവിൽ 18 വയസിന് മുകളിലുള്ള 3463 ഇരകളെ രക്ഷപ്പെടുത്തി.
















