ഇസ്രയേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണമെന്ന ശാസനയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിന് മധ്യസ്ഥത വഹിക്കാനുള്ള തന്റെ ശ്രമത്തിൽ കാലതാമസം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിൻ്റെ പ്രഖ്യാപനത്തിനിടെ ഗസയിൽ ഇസ്രയേൽ അതി ശക്തമായ ആക്രമണം തുടരുകയാണ്. എന്നാൽ ഇസ്രയേൽ താൽക്കാലികമായി വെടിനിർത്തൽ ഏർപ്പെടുത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കരാർ അംഗീകരിക്കാൻ ഹമാസിന് ഞായറാഴ്ച വൈകിട്ട് ആറ് വരെ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് വീണ്ടും ട്രംപിൻ്റെ ശാസനം. ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെ കരാർ ഭാഗികമായി അംഗീകരിക്കാൻ തയ്യാറെന്ന് ഇന്ന് ഹമാസ് അറിയിച്ചിരുന്നു.
ഹമാസ് കരാറിന് തയ്യാറാണെങ്കിൽ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സമാധാന പദ്ധതിയിലെ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന ആവശ്യം ഹമാസ് ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയുടെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗസയുടെ ഭരണത്തിൽ നിന്നും ഹമാസിനെ ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.
ഇസ്രയേലി ബന്ദികളെ വിട്ടയ്ക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ഗസയിൽ സമാധാനത്തിനായി അറബ്- ഇസ്ലാമിക രാജ്യങ്ങളും ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹമാസിന്റെ പ്രസ്താവന. ഗസയുടെ ഭരണം അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ടെക്‌നോക്രാറ്റുകളടങ്ങിയ സ്വതന്ത്ര പലസ്തീനിയൻ സമിതിയ്ക്ക് കൈമാറാൻ തയാറാണെന്നും ഹമാസ് അറിയിച്ചു. ബന്ദിമോചനത്തിനായി സജ്ജരാകാൻ സൈന്യത്തിന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ ഉത്തരവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
Trump demands that peace agreement with Israel come into effect immediately
















