നടൻ സൗബിൻ ഷാഹിർ സംവിധായകനായ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘പറവ’. മികച്ച പ്രതികരണം നേടിയ ഈ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
‘പറവ’യുടെ വിജയത്തിനു ശേഷം ദുൽഖറിനെ നായകനാക്കി ‘ഓതിരം കടകം’ എന്ന പേരിൽ മറ്റൊരു ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ചും ദുൽഖറുമായുള്ള പുതിയ കൂട്ടുകെട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ സൗബിൻ ഷാഹിർ പങ്കുവെച്ചിരിക്കുകയാണ്. ഈ പുതിയ പ്രോജക്റ്റിനായുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
എങ്കിലും, നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം ‘ഓതിരം കടകം’ ആയിരിക്കില്ല ഇത്. പ്രോജക്റ്റിന്റെ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയതായും അതേ ടീം തന്നെയാണ് പുതിയ സിനിമയ്ക്ക് പിന്നിലെന്നും സൗബിൻ അറിയിച്ചു.
’അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് ദുൽഖർ ചിത്രമാണ്. നിലവിൽ രണ്ട് സിനിമകളിൽ അഭിനയിക്കാനുണ്ട്. അത് കഴിഞ്ഞാണ് സംവിധാനത്തിലേക്ക് കടക്കുക. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, മാറ്റം വന്നിട്ടുണ്ട്. അതേ ടീം തന്നെയാണ്, പക്ഷേ സ്ക്രിപ്റ്റിൽ വ്യത്യാസമുണ്ട്’, സൗബിൻ ഷാഹിർ പറഞ്ഞു.
അതേസമയം ദുൽഖർ സൽമാനും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രം ‘ഓതിരം കടകം’ ഉപേക്ഷിച്ചിരുന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിന്റെ ബാനറിലായിരുന്നു ഈ പ്രോജക്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
മലയാള സിനിമയിൽ ദുൽഖർ സൽമാൻ നായകനായെത്തുന്ന അടുത്ത ചിത്രം ‘ഐ ആം ഗെയിം’ ആണ്. ‘ആർഡിഎക്‌സ്’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ നഹാസ് ഹിദായത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
















