അടിയും ഇടിയും വെട്ടും കുത്തും റൊമാൻസും സൗഹൃദവും തുടങ്ങി ഇത്തരത്തിലുള്ള ഒരു സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേർത്ത് തയ്യാറാക്കിയ ഒരു പക്കാ തമിഴ് സ്റ്റൈൽ സിനിമയാണ് ‘ബൾട്ടി’. ഷെയിൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ ചിത്രം തിയേറ്ററിൽ വമ്പൻ കോളിളക്കമായിരുന്നു ഉണ്ടാക്കിയിരുന്നത്. മറ്റ് വമ്പന്‍ റിലീസുകള്‍ എത്തിയെങ്കിലും ബള്‍ട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിയെടുത്തിരുന്നു. പ്രേക്ഷകർക്ക് മുന്നിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വേഷപ്പകർച്ചയിലാണ് ഷെയ്‌ൻ എത്തിയതും.
കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥയാണ് ബാൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബാൾട്ടി എന്ന ചിത്രത്തിന്റെ പേരിന് പിന്നിലെ കൗതുകം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഉണ്ണി.
‘പാലക്കാട് പൊള്ളാച്ചി മേഖലയിലെല്ലാം ‘ബൾട്ടി’യെന്ന വാക്ക് സുപരിചിതമാണ്. ഡാൻസിലും കബഡിയിലും കുത്തിമറിഞ്ഞ് കളിക്കുന്നതിനെയാണ് ബൾട്ടി അടിക്കുക എന്ന് പറയുന്നത്. പ്രത്യേകതരത്തിലുള്ള ഒരുതരം കുത്തിമറിച്ചിലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ടീമിൽനിന്ന് പെട്ടെന്നൊരാൾ മറ്റൊരുടീമിലേക്ക് മാറുമ്പോഴും അവൻ ബൾട്ടിയടിച്ചു എന്ന് പറയാറുണ്ട്. ബൾട്ടി അടിക്കുകയെന്ന പ്രയോഗത്തിന് പാലക്കാടിനപ്പുറം വലിയ സ്വീകാര്യതയില്ലെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. കബഡിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയ്ക്ക് കളിയുമായി ചേർന്നുനിൽക്കുന്ന പുതുമയുള്ളൊരു പേരുവേണമെന്ന് തുടക്കംമുതൽക്കേ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ബൾട്ടിയിലേക്കെത്തിയത്’. ഉണ്ണി ശിവലിംഗം പറഞ്ഞു. ‘സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം.’ ഷെയ്ൻ പറഞ്ഞു.
തമിഴിലെ ശ്രദ്ധേയസംവിധായകനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ് ‘ബൾട്ടി’യിൽ പ്രതിനായകനായെത്തുന്നത്. കൂടാതെ സംവിധായകൻ അൽഫോൺസ് പുത്രനും അസാധ്യ മെയ്‌വഴക്കം പ്രകടിപ്പിച്ച് തമിഴ് താരം ശന്തനു ഭാഗ്യരാജും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രീതി അസ്രാനിയ നായികയായെത്തുന്ന ബൾട്ടിയിൽ പൂർണിമാ ഇന്ദ്രജിത്തും എത്തുന്നു. നിർമാതാവായ സന്തോഷ് ടി. കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
STORY HIGHLIGHT: balti movie
















