സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇടപെടുന്ന സിനിമാതാരമാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ആണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
”കുറേ കാലങ്ങൾക്ക് ശേഷം ഒരു വളരെ എന്താ പറയുക, വെരി സ്ട്രോങ്ങ്, വെരി സട്ടിൽ, എന്നാൽ വെരി വെരി എൻഗേജിങ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആണ് മീര. മീരയും മീരയുടെ അമ്മയുടെയും ഒരു ഇമോഷണൽ ആയിട്ടുള്ള ഒരു ജേർണി, ഒരു ജേർണി ഇൻ ദ കോൺടെക്സ്റ്റ് ഓഫ്… ഇന്നും നമ്മൾ കാണുന്ന നമ്മുടെ ഈ ഒരു സോഷ്യൽ ലോകം ഉണ്ടല്ലോ നമ്മുടെ ചുറ്റും, അതിന്റെ നടുക്ക് കുറച്ച് അന്താളിച്ച് അന്തം വിട്ട് നിൽക്കുകയാണല്ലോ നമ്മളെല്ലാവരും. അതേപോലെ തന്നെ ഭയങ്കര ഒരു പകപ്പിൽ നിൽക്കുന്ന മീര എങ്ങനെ ആ ഒരു സിറ്റുവേഷനെ ഹാൻഡിൽ ചെയ്യുന്നു എന്നുള്ളതാണ് നമ്മുടെ സിനിമ പറയുന്നത്. ഒരു അമ്മയും മോളും കൂടെ ഐസൊലേറ്റ് ചെയ്ത് ഒരു ഐലന്റിലാണ് താമസിക്കുന്നത്. അവരുടെ കഥയാണ് വൈറൽ ആവുന്നത് ലോകമെമ്പാടും. അപ്പോ അതിന്റെ ആ ഒരു ജേർണിയാണ് സിനിമ പറയുന്നത്- റിമ കല്ലിങ്കൽ പറഞ്ഞു.
സ്ത്രീപക്ഷ സിനിമകൾ മലയാളത്തിൽ വളരെയധികം കുറവല്ലേ എന്ന ചോദ്യത്തിന് ഇനി നമുക്ക് അത് പറയാൻ പറ്റില്ലെന്നും ലോക ഇറങ്ങി ഇൻഡസ്ട്രി ഹിറ്റ് ആയിട്ട് നിൽക്കുകയാണെന്നും റിമ പറഞ്ഞു. അപ്പോ നമുക്ക് ഇനി അത് പറയാൻ പറ്റില്ല എന്ന് തോന്നുന്നു എന്ന് താരം പറഞ്ഞു. അതുപോലെ നല്ല സിനിമകൾ ആണെങ്കിൽ എലാവരും കാണുമെന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
അതേസമയം സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവരാണ് നിർമാണം. റിമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതായ സിനിമാശൈലി ഈ ചിത്രത്തിലും കാണാം. ഒക്ടോബർ 7 ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം, മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റേതെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
















