മലയാള സിനിമയിൽ ഒട്ടനവധി പൊലീസ് കഥാപാത്രങ്ങളും സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും സുരേഷ്ഗോപിയുടെ ഭരത്ചന്ദ്രന്റെ തട്ട് താണുതന്നെയിരിക്കും. ചടുലമായ പ്രകടനവും സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച 1994-ൽ പുറത്തിറങ്ങിയ ‘കമ്മീഷണർ’ എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നയിരുന്നു എന്ന് സംശയമില്ലാതെ പറയാം. സുരേഷ് ഗോപി- രൺജി പണിക്കർ- ഷാജി കൈലാസ് കോമ്പോയിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രത്തിൻ്റെ റി റിലീസ് ടീസർ എത്തിയിരിക്കുകയാണ്.
ഇന്നും പ്രേക്ഷകരെ ആവേശക്കൊടുമുടിയിൽ എത്തിക്കാൻ ഭരത് ചന്ദ്രന് സാധിക്കുന്നുണ്ട്. ചിത്രം ഉടൻ തിയറ്ററുകളിലേക്ക് എത്തും. ഇതോട് അനുബന്ധിച്ചുള്ള ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എച്ച് വൈ സ്റ്റുഡിയോസ് ആണ് കമ്മീഷണർ ഫോർകെ റീമാസ്റ്റർ ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിക്ക് ഒപ്പം ചിത്രത്തിൽ എം.ജി. സോമൻ, രതീഷ്, ശോഭന എന്നിവരായിരുന്നു മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. റിലീസ് സമയത്ത് ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്ന ചിത്രം സംവിധാനം ചെയ്തിരുന്നത് ഷാജി കൈലാസ് ആണ്. ചിത്രം രൺജി പണിക്കരായിരുന്നു എഴുതിയത്.
സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. രാജമണിയായിരുന്നു സംഗീത സംവിധായകൻ. ചിത്രത്തിന്റെ റി റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
STORY HIGHLIGHT: commissioner re release teaser
















