സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ അഭിനയത്തിൽ നിന്നും ലൈംലൈറ്റിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയിലാണ് അദ്ദേഹം ഇപ്പോൾ . മലനിരകളിൽ അദ്ദേഹം ചെലവഴിച്ചതിൻരെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഒരു ഫോട്ടോയിൽ, എല്ലാ ആഡംബര സുഖങ്ങളിൽ നിന്നും മാറി, റോഡരികിൽ ഒരു ഇലത്തകിടിയിൽ വിളമ്പുന്ന ഒരു ഭക്ഷണം കഴിക്കുന്ന രജനീകാന്തിനെ കാണാം. ലാളിത്യം സ്വീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സോഷ്യൽമീഡിയ വാഴ്ത്തുന്നു.
മറ്റൊരു ചിത്രത്തിൽ അദ്ദേഹം ലളിതമായ വസ്ത്രം ധരിച്ച് ഒരു ആശ്രമത്തിൽ നാട്ടുകാരുമായി ഇടപഴകുന്നതും കാണാം. അദ്ദേഹത്തിന്റെ എളിമ എടുത്തുകാണിച്ചതിന് ഫോട്ടോകൾ പ്രശംസിക്കപ്പെടുകയാണ്, നിരവധിപേർ അദ്ദേഹത്തിന്റെ ലളിതമായ പെരുമാറ്റത്തേയും പ്രകീർത്തിക്കുന്നു.
ശനിയാഴ്ച രജനീകാന്ത് ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമം സന്ദർശിച്ചിരുന്നു, സ്വാമി ദയാനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു, ഗംഗാ നദിയുടെ തീരത്ത് ധ്യാനിച്ചു. പരമ്പരാഗത ഹിന്ദു ആചാരമായ ഗംഗാ ആരതിയിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് ആത്മീയ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഞായറാഴ്ച അദ്ദേഹം ദ്വാരാഹത്തിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
















