പുതിയ വിസയിൽ സൗദി അറേബ്യയിലെത്തിയിട്ടും തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, നിലവിൽ ഇഖാമയുടെ കാലാവധി അവസാനിച്ചവർക്കും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാൻ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുതിയ സൗകര്യം ഒരുക്കി.
ഈ വിഭാഗത്തിലുള്ളവർക്ക് തൊഴിൽ വകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് ഫൈനൽ എക്സിറ്റിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതോടെ, ഇഖാമ സംബന്ധമായ പ്രശ്നങ്ങൾ കാരണം രാജ്യത്ത് കുടുങ്ങിയ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
സാധാരണ ഇന്ത്യൻ എംബസി വഴിയാണ് ഇഖാമ ലഭിക്കാത്തവരും, ഇഖാമ കാലാവധി അവസാനിച്ചിട്ടും വിവിധ കാരണങ്ങളാൽ പുതുക്കാതെ പോയവർക്കും എക്സിറ്റ് രേഖകൾ ലഭ്യമാകുന്നതിനുള്ള നടപടികൾ എടുക്കുന്നത്.
പുതിയ ക്രമീകരണത്തിൽ ഇന്ത്യൻ എംബസി വഴിയുള്ള എക്സിറ്റ് നടപടികൾക്ക് പുറമേയാണ് പുതുതായി സൗദി തൊഴിൽ വകുപ്പ് ഓൺലൈൻ പോർട്ടലിലൂടെ ഫൈനൽ എക്സിറ്റ് കിട്ടുന്നതിനുള്ള അപേക്ഷ നൽകാനുള്ള സേവനം നൽകുന്നത്.
















