2021-ൽ തിയേറ്ററുകളിൽ വൻ വിജയം കൊയ്ത ‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ് ആക്ഷൻ ക്രൈം ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
‘ഓപ്പറേഷൻ കംബോഡിയ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രത്തിൽ മലയാളത്തിൻ്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനാണ് നായകനായി എത്തുന്നത്. തിയേറ്ററുകളിൽ ആവേശമുയർത്തിയ ആദ്യ ഭാഗത്തിന് ശേഷം, ഇപ്പോൾ ഈ പുതിയ പ്രോജക്റ്റിനെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നിലവിൽ ചെയ്യുന്ന ‘ടോർപിഡോ’ എന്ന ചിത്രത്തിന് ശേഷമാകും ‘ഓപ്പറേഷൻ കംബോഡിയ’യുടെ ജോലികൾ ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ടോർപിഡോ കഴിഞ്ഞതിന് ശേഷമേ ‘ഓപ്പറേഷൻ കംബോഡിയ’ ആരംഭിക്കൂ. ചിത്രത്തിൽ രാജു ഏട്ടനേയും (പൃഥ്വിരാജ് സുകുമാരൻ) നമ്മുടെ ടീമിനെയും മാത്രമേ കാസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കി ഇനിയും ഒരുപാട് പണിയുണ്ട്’ തരുൺ മൂർത്തി പറഞ്ഞു.
പൃഥ്വിരാജിനൊപ്പം, ആദ്യ ഭാഗമായ ‘ഓപ്പറേഷൻ ജാവ’യിലെ പ്രധാന താരങ്ങളായ ലുക്മാൻ, ബാലു വർഗീസ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ, ഇർഷാദ് അലി എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കും. തരുൺ മൂർത്തി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇത് പങ്കുവെച്ചത്.
‘2021-ൽ നിർത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കുന്നു. പുതിയ OPJ ഫ്രാഞ്ചൈസിയായ ഓപ്പറേഷൻ കംബോഡിയയിലേക്ക് പൃഥ്വിരാജിന് സ്വാഗതം.” ‘ഓപ്പറേഷൻ ജാവ യൂണിവേഴ്‌സ്’ ആരംഭിക്കുകയാണെന്നും അതിലെ അടുത്ത സിനിമയാണ് ഇതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
















