ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ നാദിറ മെഹ്റിന് സാധിച്ചു. ബിഗ് ബോസ് അഞ്ചാം സീസണിലാണ് നാദിറ പങ്കെടുത്തത്. തുടർന്ന് സിനിമകളിലും താരം അഭിനയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു നാദറ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ പാലുകാച്ചൽ നടന്നത്.
ബിഗ്ബോസിലെ സഹമൽസരാർത്ഥികളും സെലിബ്രിറ്റികളുമടക്കം നിരവധി പേർ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. തന്നെ അധിക്ഷേപിക്കുന്നവർക്കു മുന്നിൽ ഇനിയും ഉയർന്നു പറക്കും എന്നാണ് പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാദിറ ഫെയ്സ്ബുക്കിൽ കുറിച്ചത്.
”മഴവില്ല് ആകാശത്തു നിന്നും ഭൂമിയിലേക്ക്. ഈ വീടിന്റെ മുന്നിൽ ഇങ്ങനെ തല ഉയർത്തി നിൽകുമ്പോൾ എവിടന്നോ ഒരു അഹങ്കാരം ഉള്ളിൽ തോന്നി. ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപ്നത്തിലേക്ക് ഇത്ര വേഗം എത്തിച്ചതിൽ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും. വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചൽ പരിപാടിയിൽ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാൽ അത് നിങ്ങൾക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബർ അക്രമണങ്ങൾ ഇനിയും ഉണ്ടാകട്ടെ. നിങ്ങൾ എന്നെ പറ്റി വൃത്തികേടുകൾ ഇനിയും പറയൂ. ഞാൻ നിങ്ങൾക്ക് മുകളിൽ ഉയർന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം”, നാദിറ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവർക്കും നാദിറ നന്ദി പറയുന്നുണ്ട്. ”വീട് പാലുകാച്ചൽ ദിനത്തിലും ഒപ്പം മറ്റു അവസരങ്ങളിലും എത്തിയവരും… സന്തോഷവും സ്നേഹവും അറിയിച്ച ഒത്തിരി മനുഷ്യർ.. ഇനിയും എന്റെ സ്വപ്നങ്ങളിൽ എനിക്കൊപ്പം കരുത്തായി എനിക്കൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചവർ. നിങ്ങളിൽ പലരും തകർക്കാൻ ട്രോളുകളും വൃത്തികേടുകളും എഴുതിയപ്പോൾ എനിക്ക് നിരന്തരം ആത്മവിശ്വാസം തന്നവർ. ഇതിനപ്പുറം എനിക്ക് എന്തു വേണം അല്ലേ”, എന്നാണ് നാദിറ കുറിച്ചത്.
















