മലയാള സിനിമയിലെ പ്രിയ നടി കൃഷ്ണ പ്രഭയുടെ ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളും മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സിനിമാരംഗത്തെ നടിമാർക്ക് അവസരം കുറയുമ്പോൾ സംഭവിക്കുന്നതിനെക്കുറിച്ച് കൃഷ്ണ പ്രഭയുടെ വാക്കുകൾ കൗതുകമുണർത്തുന്നു. “ചാൻസ് കുറവ് ആകുന്നത് കൊണ്ടാവും മിക്ക നടിമാരും കല്യാണം കഴിഞ്ഞു പോകുന്നത്,” താരം അഭിപ്രായപ്പെടുന്നു.
എന്നാൽ, തന്റെ കരിയർ 20-25 വർഷമായി ഈ രംഗത്ത് സജീവമായി നിലനിർത്താൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി അവർ കാണുന്നു. തനിക്ക് സിനിമയിൽ അവസരങ്ങൾ കുറഞ്ഞാലും നിരാശപ്പെടേണ്ട കാര്യമില്ലെന്ന് കൃഷ്ണ പ്രഭ ഉറപ്പിച്ചു പറയുന്നു. “എനിക്ക് സിനിമ ഇല്ലെങ്കിൽ, ആ സമയം സീരിയൽ ചെയ്യാൻ പോവാം, ആങ്കറിങ് ചെയ്യാം, പാട്ടും ഡാൻസും അറിയാവുന്നത് കൊണ്ട് പാട്ട് പാടാൻ പോവാം… ഞാൻ എപ്പോഴും ബിസി ആയിട്ട് ഇരിക്കും.”
ഇതിൽ നിന്നാണ് താരം മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ന് പലരും പറയുന്ന “ഓവർ തിങ്കിങ്, ഡിപ്രഷൻ, മൂഡ് സ്വിങ്സ്” പോലുള്ള കാര്യങ്ങൾ ഒരുപരിധി വരെ ഉണ്ടാകാൻ കാരണം അവർക്ക് മറ്റൊരു പണിയുമില്ലാത്തതുകൊണ്ടാണ് എന്നാണ് കൃഷ്ണ പ്രഭയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ, ഇത്തരം പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം എപ്പോഴും ഏതെങ്കിലും കാര്യത്തിൽ തിരക്കിലായിരിക്കുക എന്നതാണ്. ജീവിതത്തിൽ എപ്പോഴും തിരക്കുണ്ടെങ്കിൽ, ഇത്തരം ‘ഓവർ തിങ്കിംഗി’നുള്ള സമയം ലഭിക്കില്ലെന്നും ഇത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അവർ വിശ്വസിക്കുന്നു. കൃഷ്ണ പ്രഭയുടെ ഈ പ്രായോഗികമായ വീക്ഷണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
















