തയ്‌ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിച്ച് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. താരപുത്രി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ് ചെയ്തത്.
View this post on Instagram
വിസ്മയയുടെ സിനിമാ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുകയാണ് താരരാജാവിന്റെ മകൾ.
മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. ഈ പശ്ചാത്തലം കണക്കിലെടുത്താണ് ആയോധന മുറകൾക്ക് പ്രാധാന്യമുള്ള ഒരു സിനിമയിൽ വിസ്മയയെ ജൂഡ് ആന്തണി നായികയാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. തയ്‌ലൻഡിലെ ഫിറ്റ്‌കോ എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. പരിശീലന കേന്ദ്രത്തോടും കോച്ചിനോടുമുള്ള ഇഷ്ടം വിസ്മയ കുറിപ്പിലൂടെ പങ്കുവച്ചു.
‘‘പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തയ്‌ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാൻ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയൺഹാർട്ട് മുവായ്തായ്ക്ക് വലിയ നന്ദി.’’ വിസ്മയ മോഹൻലാൽ കുറിച്ചു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘തുടക്കം’ നിർമിക്കുന്നത്. എഴുത്തിലും ചിത്രരചനയിലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള പുതിയ ‘തുടക്ക’ത്തിനായി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിസ്മയയുടെ കായിക പരിശീലന ചിത്രങ്ങൾ പുറത്തുവന്നതോടെ സിനിമയുടെ സ്വഭാവത്തെക്കുറിച്ചുള്ള പ്രതീക്ഷയും ചർച്ചകളും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്.
















