കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക ചാപ്റ്റര്‍ 1: ചന്ദ്രയുടെ വിജയത്തിൽ ക്രെഡിറ്റ് തർക്കം ഉണ്ടായിരുന്നു. പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്ക് കൂടി അര്‍ഹമായതാണെന്നാണ് നടി നൈല ഉഷ പറഞ്ഞത്. ആ സമയം ഈ പരാമർശം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിമ കല്ലിങ്കൽ അതിനെക്കുറിച്ച് നൽകിയ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്.
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയെന്നും പക്ഷേ അതിനുള്ള സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ ആണെന്നും നടി പറഞ്ഞു. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.’ലോകയുടെ ടീമിന്റെ വിജയത്തില്‍ നിന്നും ഒന്നും എടുത്തു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡൊമിനിക്കിനേയും നിമിഷിനേയുമൊക്കെ അറിയാം. പക്ഷെ ഇതുപോലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമ ഉണ്ടാകാനും അത് നല്‍കപ്പെടാനും സാധിക്കുന്നൊരു സ്‌പേസും ഇന്നുണ്ടായത്. ഞങ്ങള്‍ സംസാരിച്ചതു കൊണ്ട് മാത്രമല്ല, ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന് തിരിച്ച് സംസാരിക്കുകയും മറ്റുമായി ഒരു സ്‌പേസ് ഉണ്ടായി. ഞങ്ങള്‍ ഉണ്ടാക്കിയെന്ന് പറയാന്‍ താല്‍പര്യമില്ല. നമ്മളെല്ലാം ചേര്‍ന്ന് ഒരു സ്‌റ്റേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു ‘.
‘സിനിമ ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ല. നല്ല സിനിമകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആര് അഭിനയിച്ചാലും നല്ല സിനിമ ആണെങ്കില്‍ ഇവിടുത്തെ പ്രേക്ഷകര്‍ എല്ലായിപ്പോഴും അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത സിനിമ എന്ന് പറയുമ്പോഴേക്കും എന്നാല്‍ ഇത്രയേ ബജറ്റുള്ളൂ എന്ന് പറയും. അത് ബാധിക്കുന്നത് ക്രാഫ്റ്റിനെയാണ്. പ്രേക്ഷകരോട് ഞങ്ങള്‍ക്ക് കുറച്ച് ബജറ്റേ കിട്ടിയുള്ളൂവെന്ന് പറയാനാകില്ല. അവര്‍ അപ്പോഴും ടിക്കറ്റിന് ഒരേ വിലയാണ് കൊടുക്കുന്നത്. അവര്‍ ഉദ്ദേശിക്കുന്ന ക്രാഫ്റ്റ് ലഭിക്കണം. മലയാള സിനിമ പ്രേക്ഷകര്‍ ഒരു ബാര്‍ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. അവിടെപ്പോയി വിലപ്പേശാനാകില്ല’, റിമ പറഞ്ഞു.
‘ഇന്‍ഡസ്ട്രിയുടെ യഥാര്‍ത്ഥ്യം മറ്റൊന്നാണ്. സ്ത്രീകേന്ദ്രീകൃത സിനിമയാണെന്ന് പറയുമ്പോള്‍ മറുപടി ഇത്രയേ ബജറ്റുള്ളൂവെന്നാകും. റിസ്‌ക് എടുക്കാന്‍ പറ്റില്ലെന്ന് പറയും. എന്നാല്‍ അഞ്ച് സിനിമ പരാജയപ്പെട്ട ഒരു നടന്റെ കാര്യത്തില്‍ അവര്‍ ആ റിസ്‌ക് എടുക്കും. ലിംഗ വ്യത്യാസം നിലനില്‍ക്കുന്ന ഇന്‍ഡസ്ട്രിയ്ക്ക് ഉള്ളിലാണ്. പ്രേക്ഷകര്‍ക്കിടയിലല്ലെന്നാണ് എന്റെ റീഡിങ്. അല്ലെങ്കില്‍ സ്റ്റാര്‍ വാല്യു ഉള്ള ഒരു നടന്റെ സിനിമ പൊട്ടില്ലല്ലോ. നല്ല സിനിമകള്‍ ആര് അഭിനയിച്ചാലും ജയിക്കും. ജെന്റര്‍ വിഷയമാകില്ല. സിനിമ പവര്‍ഫുള്ളാണ്’, റിമ പറഞ്ഞു.
















