കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ എൻഎച്ച് 44ല്‍ വെച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചു മടങ്ങവേയാണ് അപകടം ഉണ്ടായത്.
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിജയ് ദേവരകൊണ്ട. താരത്തിന്റെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സുഖമായിരിക്കുന്നു. കാർ അപകടത്തിൽപ്പെട്ടു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. പോയി ഒരു സ്ട്രെങ്ത് വർക്ക്ഔട്ടും ചെയ്ത് ഇപ്പോഴാണ് വീട്ടിലേക്ക് വന്നത്. എന്റെ തല വേദനിക്കുന്നുണ്ട്. പക്ഷേ വലിയ കുഴപ്പമില്ല. ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും. അതുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹവും ആലിംഗനങ്ങളും. ഈ വാർത്ത നിങ്ങളെ സമ്മർദത്തിലാക്കരുത്.’– വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ.
അപകടത്തില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















