ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ അനുമോളുടെ സന്തത സഹചാരിയാണ് പ്ലാച്ചി എന്ന പാവക്കുട്ടി. ഷിയാസ് കരീം പ്ലാച്ചിയെ എടുത്ത് എറിഞ്ഞതും അനുമോൾ കരഞ്ഞതും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അനുമോളുടെ ഗെയിമിനെക്കുറിച്ചും പ്ലാച്ചിയെക്കുറിച്ചും സംസാരിക്കുകയാണ് നടിയും മുൻ ബിഗ്ബോസ് താരവുമായ ലക്ഷ്മി പ്രിയ.
ലക്ഷ്മിക്ക് പ്രിയപ്പെട്ടൊരാൾ ഇത്തവണ ബിഗ്ബോസിൽ ഉണ്ടല്ലോ എന്ന ചോദ്യത്തിന് പ്രിയപ്പെട്ട ആളാണെന്നൊന്നും പറയാൻ പറ്റില്ല, ഒരു ഷോയിൽ ഒരുമിച്ചുണ്ടായിരുന്നെന്ന് മാത്രമേ ഉള്ളൂ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.”അനു വളരെ സ്മാർട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം. അത് വേണമല്ലോ, ജീവിക്കാനും നിൽക്കാനും അറിയണം. അല്ലാതെ സ്റ്റാർ മാജിക്കിൽ നിഷ്കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനു. വളരെ സ്ട്രോങ്ങായ മത്സരാർത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബിഗ് ബോസ് ക്ലിപ്പിംഗുകളേ കാണുന്നുള്ളൂ. മുഴുവനായി കാണാറില്ല. ഉപ്പുമാവ് ഇളക്കാൻ അനു മുകളിൽ കയറിയിരുന്നതൊക്കെ കണ്ടു. വെെറലാകാൻ വേണ്ടി അനു എന്തും ചെയ്യും. അങ്ങനെയാണ് അനു. എങ്ങനെ സർവെെവ് ചെയ്യണമെന്നും സ്ക്രീൻ എങ്ങനെ കവർ ചെയ്യണമെന്നും സ്ക്രീൻ സ്പേസ് എങ്ങനെ ഉണ്ടാക്കണമെന്നും അനുവിന് അറിയാം. എനിക്ക് സ്റ്റാർ മാജിക്കിൽ വെച്ചു തന്നെ അനുവിന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഷോയിൽ ഉള്ളപ്പോളൊന്നും ഈ പ്ലാച്ചിയൊന്നും ഇല്ല. ഞാൻ ഷോയിലുണ്ടായിരുന്നെങ്കിൽ അതിനെ അടുപ്പിൽ വെച്ച് കത്തിച്ചേനെ”, എന്ന് ലക്ഷ്മി പ്രിയ പറയുന്നു.
”പേഴ്സണലി അനുവിനെ എനിക്ക് ഇഷ്ടമാണ്. വളരെ പക്വതയുള്ള പെൺകുട്ടിയാണ് അനു. ഷോയിൽ നിഷ്കളങ്കമായ ട്രാക്ക് പിടിച്ചപ്പോൾ അത് വിജയിച്ചെന്ന് അനുവിനും തോന്നി. അത് ശരിയാണ്, അനുവിന്റെ കോമഡികൾ കണ്ട് ഞാനും ചിരിച്ചിട്ടുണ്ട്. എല്ലാവർക്കും ബുദ്ധിയില്ലായ്മ അഭിനയിച്ചു നിൽക്കാൻ പറ്റില്ല. പക്ഷേ, ബിഗ്ബോസിൽ ബുദ്ധിയില്ലായ്മ കാണിക്കാൻ പറ്റില്ല. നന്നായിട്ട് കളിക്കണം, അനുവിന് അതിനുള്ള കഴിവുണ്ട്”, എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പ്രിയ പറഞ്ഞു.
















