കാന്താര: ചാപ്റ്റർ 1-ന് വേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത് വെറും ജോലിയായിരുന്നില്ല, അതിലുപരി അതൊരു വികാരമായിരുന്നു എന്ന് കാന്താരയുടെ സംവിധായകനും നായകനുമായ റിഷഭ് ഷെട്ടിയുടെ ഭാര്യയായ പ്രഗതി റിഷഭ് ഷെട്ടി പറഞ്ഞു. പ്രഗതി റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. കാന്താരയുടെ തിരശ്ശീലയ്ക്ക് പിന്നിലെ ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
View this post on Instagram
ഇത് ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു എന്നാണ് പ്രഗതി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ‘കാന്താര ചാപ്റ്റർ 1’-ന്റെ ഭാഗമാകാൻ കഴിഞ്ഞത് തീർത്തും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ല. അതിലുപരി അതൊരു വികാരമായിരുന്നുവെന്നും അവർ പറഞ്ഞു. കാന്താരയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള നന്ദിയും അവർ പ്രകടിപ്പിച്ചു.
‘കാന്താര ചാപ്റ്റർ 1’-ന്റെ സെറ്റിൽ സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങളും പ്രഗതി പോസ്റ്റ് ചെയ്തിട്ടുണ്ട്. റിഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരുൾപ്പെടെയുള്ള പ്രധാന താരങ്ങൾക്കൊപ്പംനിന്ന് നിർദേശങ്ങൾ നൽകുന്ന പ്രഗതിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘സർക്കാരി ഹിരിയ പ്രാഥമിക ശാലെ..’, ‘ബെൽ ബോട്ടം’, ‘ഹരികഥെ അല്ല ഗിരികഥെ’ തുടങ്ങിയ മറ്റ് റിഷഭ് ഷെട്ടി ചിത്രങ്ങളിലും പ്രഗതി വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. നേരത്തേ ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിൽ പ്രഗതിയെക്കുറിച്ച് ഋഷഭ് ഷെട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. തന്റെ ഏറ്റവും വലിയ ശക്തി പ്രഗതിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രഗതിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ ഈ ചിത്രം പൂർത്തിയാക്കില്ലായിരുന്നെന്നും താരം പറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ 300 കോടി രൂപയാണ് ‘കാന്താര: ചാപ്റ്റർ 1’ നേടിയത്.
















