കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുള്ള സമീപകാല ദൃശ്യങ്ങൾ എന്ന നിലയിൽ, കാവി നിറത്തിലുള്ള സാരി ധരിച്ച ഒരു സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കർണാടക മാതാ ചാമുണ്ഡ ദേവി ക്ഷേത്രത്തിന് പുറത്ത്, ക്ഷേത്രത്തിൽ നിന്ന് മടങ്ങാൻ പോകുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഒരു മാന്യ സ്ത്രീയെ കർണാടക പോലീസ് എത്തി അവരെ പോലീസ് വാനിലേക്ക് തള്ളിയിടാൻ തുടങ്ങുന്നു. ആ സ്ത്രീ കരയുന്നു. അവൾ കാവി സാരി ധരിച്ചിരുന്നു.
കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിരാശ, നീചത്വം, ക്രൂരത എന്നിവ ഇപ്പോൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഇതാണ് കോൺഗ്രസിന്റെ ധൈര്യം. എസ്പി, ടിഎംസി, എഎപി, ആർജെഡി തുടങ്ങിയ പാർട്ടികൾ ജിഹാദിയെ സ്നേഹിക്കുന്നതിൽ കോൺഗ്രസിനേക്കാൾ നാല് പടി മുന്നിലാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
റിപ്പോർട്ടിലെ വിവരങ്ങളനുസരിച്ച് ചാമുണ്ഡി ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയെ ‘ചാമുണ്ടി ബേട്ട ചലോ’ മാർച്ചിന്റെ ഭാഗമായി പ്രതിഷേധിക്കാനെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകയാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് തടയുകയും പിന്നീട് യാഥാർഥ്യം മനസിലാക്കി വിട്ടയയ്ക്കുകയുമായിരുന്നു. ടിവി9 കന്നഡയുടെ വാട്ടർ മാർക്ക് വൈറൽ വിഡിയോയിലുള്ളതായി കാണാൻ കഴിയും.തുടർന്നുള്ള പരിശോധനയിൽ യഥാർഥ വിഡിയോ ടിവി9 കന്നഡയുടെ യുട്യൂബ് പേജിൽ കണ്ടെത്തി.
സ്ഥിരീകരിക്കാനായി ചാമുണ്ഡി ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളുമായും പ്രദേശത്തെ പൊലീസ് സ്റ്റേഷൻ അധികൃതരുമായും ഞങ്ങൾ സംസാരിച്ചു. കാവി നിറത്തിലുള്ള സാരി ധരിച്ച് ക്ഷേത്രത്തിലെത്തിയതിന് ഭക്തയെ പൊലീസ് അറസ്റ്റ് ചെയ്തെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭാരവാഹികളും പൊലീസും വ്യക്തമാക്കി. ദസറ ആഘോഷം ഉദ്ഘാടനം ചെയ്യാൻ ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്‌താഖിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. യഥാർഥ്യം വ്യക്തമായപ്പോൾ തന്നെ ഭർത്താവിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു. പൊലീസ് അനുമതി നിഷേധിച്ചിട്ടും പരിപാടി നടത്തിയതിനാലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേയ്ക്ക് നീങ്ങിയത്. അധികൃതർ വ്യക്തമാക്കി.
കാവി നിറത്തിലുള്ള സാരി ധരിച്ച് ക്ഷേത്രത്തിലെത്തിയതിന് ഭക്തയെ പൊലീസ് അറസ്റ്റ് ചെയ്തെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റാണ്. ക്ഷേത്രത്തിൽ നടന്ന ചാമുണ്ഡി ചലോ മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് സ്ത്രീയെ തടഞ്ഞത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു.
















