തമിഴ് നടൻ സൂരി നായകനായി എത്തുന്ന സ്‌പോർട്‌സ് ഡ്രാമയായ ‘മണ്ടാടി’യുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം. സൂരി, സംവിധായകൻ മതിമാരൻ പുകഴേന്തി എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ ഏകദേശം ഒരു കോടി രൂപയുടെ ഉപകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.
കടലിലെ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഒരു നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽ വീണു. ഇവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്.
പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം, വെള്ളത്തിൽ വീണ രണ്ട് ഛായാഗ്രാഹകരെ കൃത്യസമയത്ത് രക്ഷപ്പെടുത്താനായി. ഇതോടെ വലിയ ഒരു അപകടമാണ് ഒഴിവായത്. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ മറൈൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റോക്കി എന്ന ചിത്രത്തിനു ശേഷം മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്ടാടി. തെലുങ്ക് താരം സുഹാസ് ആണ് വില്ലനായെത്തുന്നത്. മഹിമ നമ്പ്യാരാണ് നായിക. സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, സച്ചന നമിദാസ്, രവീന്ദ്ര വിജയ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കുന്നത്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.
















