മനുഷ്യൻ്റെ ആശയ വിനിമയ മേഖലയിൽ ഐതിഹാസിക മുന്നേറ്റം സൃഷ്‌ടിച്ച അമേരിക്കൻ കമ്പനികളിലൊന്നാണ് ഓപ്പൺ എഐ. നിർമിത ബുദ്ധിയുടെ കുതിപ്പിന് കാരണമായ ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത് ഓപ്പൺ എഐയാണ്. ചാറ്റ് ജിപിടിയുടെ പുതിയ മാറ്റത്തെ ഇപ്പോൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് ഓപ്പൺ എഐ.
ഉപഭോക്താക്കൾക്ക് ചാറ്റ്ബോട്ടുമായി സംവദിക്കുമ്പോൾ തന്നെ മറ്റ് ആപ്പുകൾ അതേ വിൻഡോയിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതായി ഓപ്പൺ എഐ പ്രഖ്യാപിച്ചു. ആപ്പുകൾ സ്വാഭാവിക ഭാഷയോട് പ്രതികരിക്കുമെന്നും ചാറ്റിൽ സംവേദനാത്മക ഇൻ്റർഫേസുകൾ ഉൾപ്പെടുത്തുമെന്നും ഓപ്പൺ എഐ വിശദീകരിച്ചു.
“ചാറ്റ് ജിപിടി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ചാറ്റ് ചെയ്യുമ്പോൾ തന്നെ മറ്റ് ആപ്പുകൾ ഉപയോഗിക്കാമെന്ന സവിശേഷത മുതൽകൂട്ടാണ്. കൂടൂതൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു.” ഓപ്പൺ എഐ പറഞ്ഞു.
ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ വേർഷനുകളായ ചാറ്റ് ജിപിടി ഫ്രീ, ചാറ്റ് ജിപിടി പ്ലസ്, ചാറ്റ് ജിപിടി പ്രോ എന്നിവയിൽ ഈ സേവനം ലഭ്യമാകുമെന്ന് ഓപ്പൺ എഐ പറഞ്ഞു. ബുക്കിങ് ഡോട് കോം, ക്യാൻവാ, കോഴ്‌സ് എറ, ഫിഗ്‌മ, എക്‌സ്പെഡിയ, സ്പോട്ടിഫൈ, സില്ലോ എന്നീ ആപ്പുകളാകും ആദ്യ ഘട്ടത്തിൽ ചാറ്റ് ബോട്ടിൽ ലഭ്യമാകുക. ഈ വർഷം അവസാനത്തോടെ കൂടുതൽ ആപ്പുകൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നതായി ഓപ്പൺ എഐ പറഞ്ഞു.
ചാറ്റ് ജിപിടിയോടൊപ്പം ആപ്പുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും. ചാറ്റ് ബോട്ടിനോട് സംവദിക്കുമ്പോൾ തന്നെ ഉപയോഗിക്കേണ്ട ആപ്പിനെ നിർദേശിക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് സ്പോട്ടിഫൈയിൽ പാട്ട് കേൾക്കണം എന്നുണ്ടെങ്കിൽ “സ്പോട്ടിഫൈ, ഒരു പ്ലേ ലിസ്റ്റ് തയാറാക്കുക” എന്ന നിർദേശം (പ്രോംറ്റ്) നൽകുക. ഉടൻ തന്നെ ഉപഭോക്താക്കളുടെ ചാറ്റ് വിൻഡോയിൽ നിർദേശിച്ച ആപ്പ് തുറന്ന് വരും. ഒരേസമയം വിവിധ ആപ്പുകളുമായി ചാറ്റ് ബോട്ടുവഴി ഉപഭോക്താവിനെ ബന്ധിപ്പിക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ലക്ഷ്യം.
ചാറ്റ് ജിപിടിക്കായി ആപ്പുകൾ നിർമിച്ച് നൽകാം: 800 ദശലക്ഷം ചാറ്റ് ജിപിടി ഉപഭോക്താക്കളിലേക്ക് യുവ ആപ്പ് നിർമാതാക്കൾക്ക് ഈ പദ്ധതിയിലൂടെ അതിവേഗം എത്താനാകും. പ്രിവ്യൂവിൽ ലഭ്യമായ പുതിയ ആപ്പുകൾ ഉപയോഗിച്ച് ചാറ്റ് ജിപിടിക്കായുള്ള ആപ്പുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് അവസരമുണ്ടെന്ന് ഓപ്പൺ എഐ പറയുന്നു.
മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോളിൽ (എംസിപി) നിർമ്മിച്ച ഒരു ഓപ്പൺ സ്റ്റാൻഡേർഡായിട്ടാണ് ആപ്പുകളുടെ പ്രിവ്യൂ പുറത്തിറക്കുന്നത്. ആപ്പുകൾക്കുള്ള മാർഗനിർദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ഓപ്പൺ എഐ നൽകിയിട്ടുണ്ട്. ഡെവലപ്പർമാർക്ക് ചാറ്റ് ജിപിടിയിൽ ഡെവലപ്പർ മോഡും ഈ ആപ്പുകൾ പരീക്ഷിക്കുന്നതിന് ഉപയോഗിക്കാം.
ഈ വർഷം അവസാനത്തോടെ, കമ്പനി അവലോകനത്തിനും പ്രസിദ്ധീകരണത്തിനുമായി ആപ്പുകൾ സ്വീകരിക്കാൻ തുടങ്ങും. കൂടാതെ ഡെവലപ്പർമാർക്ക് സ്വയം നിർമിച്ച ആപ്പുകളിലൂടെ എങ്ങനെ ധനസമ്പാദനം നടത്താമെന്ന വിശദാംശങ്ങൾ പങ്കിടുകയും ചെയ്യുമെന്നും ഓപ്പൺ എഐ അറിയിച്ചു.
















