ഡിസംബറിലെ ക്രിസ്മസ്-പുതുവത്സര അവധിക്കാലം ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വിമാന ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യണം എന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അവധിക്കാലം അടുക്കുന്നതോടെ വിമാന നിരക്ക് 50 ശതമാനം വരെ കുതിച്ചുയരാൻ സാധ്യതയുണ്ട്.
നവംബർ അവസാനത്തേക്ക് ടിക്കറ്റ് ബുക്കിങ് മാറ്റിവയ്ക്കുന്നതിന് പകരം ഇപ്പോൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ ലാഭിക്കാൻ കഴിയുമെന്നാണ് ട്രാവൽ ഏജൻസി പ്രതിനിധികൾ അഭിപ്രായപ്പെടുന്നത്. നിലവിൽ 2,800 ദിർഹം വരുന്ന ദുബായ്-ലണ്ടൻ പോലുള്ള റൂട്ടുകളിൽ നവംബർ അവസാനത്തോടെ നിരക്ക് 3,800 മുതൽ 4,200 ദിർഹം വരെയായി വർദ്ധിച്ചേക്കാം.
ഡിസംബറിനോട് അടുക്കുമ്പോൾ വില കുത്തനെ ഉയരും. അതിനാൽ, അവധിക്കാല യാത്രകൾക്ക് എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഉചിതം എന്നും വിദഗ്ദ്ധർ ഉപദേശിച്ചു.
ഡിസംബർ 2, 3 തീയതികളിലെ യുഎഇ ദേശീയ ദിന (ഈദ് അൽ ഇത്തിഹാദ്) അവധിയും തുടർന്നുള്ള ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളും പ്രമാണിച്ച് യുഎഇയിൽ നിന്ന് വലിയൊരു വിഭാഗം പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ കാരണമാകും.
നിലവിൽ പല റൂട്ടുകളിലും കുറഞ്ഞ നിരക്കുകൾ ലഭ്യമാണെങ്കിലും, ഡിസംബർ 20 മുതൽ 28 വരെയുള്ള ഏറ്റവും തിരക്കേറിയ യാത്രാ ദിവസങ്ങളിൽ ഈ വർദ്ധനവ് പ്രകടമാകും. ഈ ദിവസങ്ങളിൽ ആവശ്യകത വർധിക്കുകയും സീറ്റുകളുടെ ലഭ്യത കുറയുകയും ചെയ്യുന്നതോടെ നിരക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ വർധിക്കാനാണ് സാധ്യത.
















