മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് ഗാനം ആലപിച്ചിട്ടുള്ള ഗായിക. സംഗീതത്തോടൊപ്പം അഭിനയത്തിലും കഴിവ് തെളിയിച്ച രഞ്ജിനിക്കെതിരെ വലിയ രീതിയിലുള്ള പ്രചാരണങ്ങളും അടുത്ത കാലത്തായി നടന്നിരുന്നു. അതിൽ ഒന്ന് ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നായിരുന്നു. ഇതോടൊപ്പം അവതാരക രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണെന്ന പ്രചാരണവും ശക്തമായിരുന്നു. അന്ന് താരം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഗായിക. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഗായികയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്ന ഈ പ്രചാരണങ്ങളെ താൻ എങ്ങനെയാണ് കാണുന്നതെന്നും ഗായിക വ്യക്തമാക്കുന്നു. വിജയ് യേശുദാസ് തന്റെ ബാല്യകാല സുഹൃത്താണെന്നും, എന്തിന് അദ്ദേഹത്തെ ഡേറ്റ് ചെയ്യണമെന്നും ചോദിച്ച രഞ്ജിനി, അവതാരക രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദത്തെ കുറിച്ചും മനസുതുറന്നു.
ലെസ്ബിയൻ എന്ന വിളികളെക്കുറിച്ച്
‘അവതാരക രഞ്ജിനി ഹരിദാസുമായി ചേർത്തുള്ള ഗോസിപ്പുകൾക്കും ഗായിക മറുപടി നൽകി. പിന്നെ എന്നേയും നിന്നേയും ചേർത്താണ് വിവരക്കേട് പറഞ്ഞത്, നമ്മൾ ലെസ്ബിയൻ ആണെന്ന്. ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല എന്റെ പ്രശ്‌നം. എനിക്ക് അവരോട് എതിർപ്പുകളില്ല, പക്ഷെ ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങൾ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല’രഞ്ജിനി ജോസ് പറഞ്ഞു.
വിജയ് യേശുദാസുമായുള്ള ബന്ധത്തെക്കുറിച്ച്
‘കോവിഡിന് ശേഷം ആളുകൾ കൂടുതൽ സെൻസിറ്റീവും അതോടൊപ്പം ഇൻസെൻസിറ്റീവുമാണ് എന്ന് തോന്നിയിട്ടുണ്ട്. വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ് ആളുകൾ പറയുന്നത്. അവനന്റെ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല, അങ്ങനെ ചിന്തിക്കുന്നവർക്ക് ഭ്രാന്താണ്. ചിലർ നേരിട്ട് എന്റെയടുത്ത് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിജയ് പത്താം ക്ലാസ് മുതൽ എന്റെ സുഹൃത്താണ്. ഞാൻ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവനെന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കരണ്‍ ജോഹറിന്റെ സിനിമയിലൊക്കെ ഇതൊക്കെ നടക്കുമായിരിക്കും, പക്ഷേ എന്റെ ജീവിതത്തിൽ നടക്കില്ല’-രഞ്ജിനി ജോസ് പറയുന്നു.
















