റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയുടെ ഷൂട്ടിംഗ് സെറ്റ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ബാംഗ്ലൂർ ഈസ്റ്റിലെ ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്‌സ് അടച്ചുപൂട്ടാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
നിയമപരമായ അനുമതികളില്ലാതെയും കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്റ്റുഡിയോ പ്രവർത്തിച്ചതിനാണ് നടപടി. ഇതോടെ, നിലവിൽ ബിഗ് ബോസ് ഹൗസിനുള്ളിലുള്ള മത്സരാർത്ഥികളോട് ഉടൻ തന്നെ വീടൊഴിഞ്ഞ് പുറത്തുപോകാൻ സർക്കാർ നിർദ്ദേശം നൽകി.
കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്.
മാലിന്യനിർമാർജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ഇവർ ചൂണ്ടിക്കാട്ടി.
കന്നഡ ബിഗ് ബോസിന്റെ 12-ാം സീസൺ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്.
ഷോ നിർത്തിവെച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്നീഷ്യൻമാർ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടർച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിർമിച്ചത്.
നിയമലംഘനത്തിന് നോട്ടീസ് നൽകിയിട്ടും അണിയറപ്രവർത്തകർ ഷോ തുടർന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ ബെംഗളൂരുവിൽ പറഞ്ഞു. അതേസമയം, ഇനി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകർ സ്റ്റുഡിയോക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
















