ഹൈദരാബാദ്: കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക മന്ദാന. 2016ൽ പുറത്തിറങ്ങിയ ‘കിറിക് പാർട്ടി’ ആണ് നടിയുടെ ആദ്യത്തെ പടം. തുടർന്ന് തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി അഭിനയിക്കാൻ നടിക്ക് അവസരം ലഭിച്ചു. കന്നഡ സിനിമയിലൂടെ കരിയർ തുടങ്ങിയ താരം ഇപ്പോൾ ഒരു പാൻ-ഇന്ത്യ സ്റ്റാർ ആയി മാറിക്കഴിഞ്ഞു.
ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ്, പുഷ്പ: ദി റൈസ് തുടങ്ങിയ തുടർച്ചയായ ഹിറ്റുകളിലൂടെ തെലുങ്ക് സിനിമ കീഴടക്കി. രൺബീർ കപൂറിനൊപ്പം അഭിനയിച്ച ആനിമൽ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ ജനപ്രീതി കുതിച്ചുയർന്നത്. കന്നഡ സിനിമയിലൂടെയാണ് രശ്മിക തന്‍റെ കരിയർ ആരംഭിച്ചതെങ്കിലും സമീപ വർഷങ്ങളിൽ ഒരു കന്നഡ സിനിമയിലും അഭിനയിക്കാത്തത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായി. കോളിവുഡിൽ നിന്ന് താരത്തെ വിലക്കി എന്ന ചർച്ചകൾ വരെ ഉണ്ടായി.
ഇപ്പോഴിതാ ഗുഡ് ന്യൂസ് കന്നഡക്ക് നൽകിയ അഭിമുഖത്തിൽ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ഇതുവരെ എന്നെ വിലക്കിയിട്ടില്ല. തന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെക്കുറിച്ച് ആളുകൾ പറയുന്ന മിക്ക കാര്യങ്ങളും സത്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രശ്മിക പറഞ്ഞു. പ്രൊഫഷണൽ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാൽ വ്യക്തിപരമായ ഊഹങ്ങൾക്കും വെറുപ്പിനും മറുപടി പറയേണ്ടതില്ലെന്നും താരം അഭിപ്രായപ്പെട്ടു.
കരിയറിന് തുടക്കമിട്ട കിറിക് പാർട്ടി എന്ന കന്നഡ സിനിമയുടെ നിർമാണ കമ്പനിയായ പരമ്വ സ്റ്റുഡിയോസിനെ പരാമർശിക്കാൻ നടി വിട്ടുപോയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താര റിലീസ് ചെയ്ത് ഉടൻ കണ്ടില്ല എന്ന് രശ്മിക പറഞ്ഞതും ടീമിനെ അഭിനന്ദിക്കാതിരുന്നതും പ്രേക്ഷകരെ ചൊടിപ്പിച്ചു. നടൻ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്നും സോഷ്യൽ മീഡിയയിൽ രശ്മികക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായി. 2021ന് ശേഷം കാര്യമായി കന്നഡ സിനിമകളിൽ അഭിനയിക്കാതിരുന്നതും മറ്റ് ഭാഷാ സിനിമകൾക്ക് പ്രാധാന്യം നൽകിയതും വിലക്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ശക്തി നൽകി.
















