കടുത്ത ഡിപ്രഷൻ അവസ്ഥയിൽ നിന്നും പുറത്തുവരാൻ തനിക്ക് സഹായകമായ ഘടകങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. തൻ്റെ മാറ്റത്തിന് കാരണം മറ്റൊന്നുമല്ല, മലയാള സിനിമകളും കേരളത്തിൽ നിന്നുള്ള സ്നേഹവുമാണ് എന്ന് അദ്ദേഹം പറയുന്നു.
താൻ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി, ധാരാളം മലയാള സിനിമകൾ കാണാൻ തുടങ്ങിയതാണ് മാനസിക നിലയിൽ മാറ്റമുണ്ടാക്കിയ ഒരു പ്രധാന കാര്യം. കൂടാതെ, റൈഫിൾ ക്ലബ് ഷൂട്ടിങ്ങിന് പോയപ്പോഴുള്ള അനുഭവങ്ങളും ‘ലൈഫ് ചേഞ്ചിങ്’ ഫീൽ നൽകി.
കേരളത്തിൽ തങ്ങുന്ന സമയത്ത് ലഭിച്ച സ്നേഹത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. തനിക്കും നടി മഞ്ജു വാര്യർക്കും ഒരേ ദിവസമാണ് ജന്മദിനം. അന്ന് ഇന്ദ്രജിത്ത് സുകുമാരൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുൾപ്പെടെയുള്ളവർ തൻ്റെ അടുത്തുവന്ന് പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാമെന്ന് ക്ഷണിച്ചു. ബോളിവുഡിൽ താൻ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കേരളത്തിൽ തനിക്ക് ലഭിച്ചത് സ്നേഹം മാത്രമാണ്.
തൻ്റെ അവസ്ഥ മനസ്സിലാക്കി ഇവിടെയുള്ളവർ ഒപ്പം നിന്നതും, സ്നേഹം കൊണ്ട് പൊതിഞ്ഞ അന്തരീക്ഷവുമാണ് ഈ നല്ല മാറ്റങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയുടെ സ്നേഹത്തെക്കുറിച്ചും, അത് തൻ്റെ ജീവിതത്തിൽ നിറം പകർന്നതിനെക്കുറിച്ചുമുള്ള അനുരാഗ് കശ്യപിൻ്റെ വാക്കുകൾ ഓരോ മലയാള സിനിമ സ്നേഹിക്കും അഭിമാനം നൽകുന്നതാണ്.
















