മലയാളികൾക്ക് ‘ചിത്രം’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയിലെ രാമചന്ദ്രമേനോൻ എന്ന അച്ഛൻ കഥാപാത്രത്തിലൂടെ പ്രിയങ്കരനായ നടനാണ് തമിഴനായ പൂർണ്ണം വിശ്വനാഥ്. മോഹൻലാലിനൊപ്പം അദ്ദേഹം അഭിനയിച്ച ‘നഗുമോമു ഗനലേനി…’ എന്ന കീർത്തനരംഗം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. എന്നാൽ, സിനിമയിൽ നായികയുടെ അച്ഛനായി തിളങ്ങിയ ഈ നടൻ വെറുമൊരു നടൻ മാത്രമായിരുന്നില്ല, ഇന്ത്യൻ ചരിത്രത്തിലെ നിർണായക നിമിഷത്തിന് സാക്ഷ്യം വഹിച്ച വ്യക്തിത്വമായിരുന്നു.
പഠനശേഷം ഡൽഹിയിൽ ആൾ ഇന്ത്യ റേഡിയോയിൽ വാർത്താ അവതാരകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹമാണ് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന വാർത്ത ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചത്. ആ മഹത്തായ നിമിഷം വാർത്ത വായിക്കുമ്പോൾ സന്തോഷം കൊണ്ട് കരച്ചിലടക്കാൻ പാടുപെട്ട കാര്യം അദ്ദേഹം അഭിമാനത്തോടെ ഓർമ്മിച്ചിട്ടുണ്ട്.
റേഡിയോ ജോലിക്കിടെ നാടകങ്ങളിലും സജീവമായിരുന്ന വിശ്വനാഥ്, വിരമിച്ച ശേഷം സിനിമയിലേക്കും നാടകത്തിലേക്കും കൂടുതൽ ശ്രദ്ധ നൽകി. തമിഴിലെ ആദ്യകാല ശബ്ദാനുകരണ കലാകാരൻ കൂടിയായിരുന്ന അദ്ദേഹം, രാഗദീപം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ചിത്രം, ഒളിയമ്പുകൾ, അഭിമന്യൂ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കൂടാതെ, എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റുകളിലൊന്നായ ഏക് ദുജേ കേലിയ എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2008-ൽ ഈ അനുഗ്രഹീത കലാകാരൻ നമ്മോട് വിട പറഞ്ഞു.
















