പ്രശസ്ത പഞ്ചാബി നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു. കൈകാലുകള്‍ക്കേറ്റ പരുക്കിനെ തുടര്‍ന്ന് അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്താന്‍ ഇരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
2009 ല്‍ മിസ്റ്റര്‍ ഇന്ത്യയായ അദ്ദേഹം മിസ്റ്റർ ഏഷ്യ റണ്ണറപ്പ് കൂടിയാണ്. ബോഡിബിൽഡിങില്‍ കൂടാതെ സിനിമാ മേഖലയിലും ഒരുപോലെ പരിചിതനായ വ്യക്തിയായിരുന്നു അദ്ദേഹം. ബോഡി ബിൽഡർമാർക്കിടയിലെ സസ്യാഹാരി എന്ന നിലയിലും പേരുകേട്ടയാളായിരുന്നു വരീന്ദർ സിങ്.
2013 ല്‍ ഏഷ്യയിൽ തന്റെ ഉൽപ്പന്നങ്ങളെ പ്രതിനിധീകരിക്കാന്‍ അർനോൾഡ് ഷ്വാർസിനിഗർ വരീന്ദർ സിങ് ഗുമനെ തിരഞ്ഞെടുത്തിരുന്നു. അർനോൾഡ് ക്ലാസിക് ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിനായി വരീന്ദർ സിങ് സ്പെയിന്‍ എത്തിയപ്പോളാണ് അർനോൾഡ് ഷ്വാർസിനിഗറെ നേരില്‍ കാണുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ടോപ് റാങ്കുകാരന്‍ കൂടിയായിരുന്നു വരീന്ദർ സിങ്.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഉയരം കൂടിയ ബോഡിബിൽഡർ താനാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ശരീരം കണ്ടാണ് ഇന്ത്യയിലെ അദ്ദേഹത്തിന്‍റെ ഉല്‍പ്പന്നങ്ങളെ പ്രതിനിധീകരിക്കാന്‍ തന്നെ തിരഞ്ഞെടുത്തതെന്ന് ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുമന്‍ പറഞ്ഞിരുന്നു. ‘അത്ഭുത പ്രതിഭ’ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ അർനോൾഡ് ഷ്വാർസിനിഗർ വരീന്ദർ സിങ് ഗുമനെ വിശേഷിപ്പിച്ചിരുന്നത്.
2012 ൽ പഞ്ചാബി ചിത്രമായ ‘കബഡി വൺസ് എഗെയ്ൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 2014 ൽ ‘റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ്’ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് 2019 ൽ ‘മർജാവാൻ’, 2023 ൽ സൽമാൻ ഖാനും കത്രീന കൈഫും ഒന്നിച്ച ടൈഗർ–3 എന്നീ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്.
















