ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ നവംബർ ആറിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കന്നഡ സംവിധായകൻ നന്ദ കിഷോറാണ്. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
47 വർഷമായി തുടരുന്ന തൻ്റെ കരിയറിൽ മോഹൻലാൽ ഒരു രാജാവിൻ്റെ കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ആയിരുന്നു ടീസറിൽ ഹൈലൈറ്റ്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.
രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് ഫാന്‍റസി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രം തെലുങ്കിലും മലയാളത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ചിത്രം മൊഴി മാറ്റം ചെയ്തും റിലീസ് ചെയ്യും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.
രാജാവിനോടും യോദ്ധാവിനോടും സമാനമായ ഒരു വേഷത്തിലാണ് ടീസറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നുണ്ട്. മികച്ച സാങ്കേതിക വിദ്യയില്‍ ഒരുക്കിയിരിക്കുന്ന വൃഷഭ പ്രേക്ഷകരെ അമ്പരപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ ഒരുക്കിയ മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ആൻ്റണി സാംസൺ ഒരുക്കിയ ഗംഭീര ദൃശ്യങ്ങൾ കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ‘വൃഷഭ’.
















